യുഎസ് യാത്രാവിലക്കിന് എതിരെ രണ്ടു ജഡ്ജിമാർ

വാഷിങ്ടൺ ∙ സുരക്ഷാഭീഷണിയുടെ പേരിൽ എട്ടു രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎസിലേക്കു യാത്രാവിലക്ക് ഏർപ്പെടുത്തിയ പ്രസിഡന്റ് ട്രംപിന്റെ നടപടി മരവിപ്പിച്ചു രണ്ടു ജഡ്ജിമാർ. മേരിലാൻഡിലെയും ഹവായിയിലെയും ഫെഡറൽ കോടതി ജഡ്ജിമാരാണ്, യുഎസ് ഭരണഘടനയ്ക്കും നിയമത്തിനും നിരക്കാത്തതെന്നു വിശേഷിപ്പിച്ച് ട്രംപിന്റെ നടപടിക്കെതിരെ ഉത്തരവിട്ടത്.

സുരക്ഷാഭീഷണിയുടെ പേരിൽ ആറു മുസ്‍ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെയും ഉത്തരകൊറിയയിലെയും പൗരന്മാർക്കും വെനസ്വേലയിൽനിന്നുള്ള ചില ഉദ്യോഗസ്ഥർക്കുമാണ് ട്രംപ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജനുവരിയിൽ ഇറക്കിയ ഉത്തരവിൽ യുഎസ് സുപ്രീം കോടതി ജൂലൈയിൽ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ‌മുസ്‍ലിംകളെ ലക്ഷ്യം വച്ചുള്ളതാണ് ട്രംപിന്റെ നടപടിയെന്നും യുഎസ് ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണിതെന്നും ഒട്ടേറെ ഫെഡറൽ ജഡ്ജിമാർ ഉത്തരവിട്ടിരുന്നു. ട്രംപ് ഭരണകൂടം സെപ്റ്റംബറിൽ പുറത്തിറക്കിയ പുതുക്കിയ ഉത്തരവ് ഇന്നലെ പ്രാബല്യത്തിൽ വരുന്നതിനിടെയാണ് മേരിലാൻഡ്, ഹവായ് ജഡ്ജിമാർ ഇതിനെതിരെ രംഗത്തെത്തിയത്.