മ്യാൻമറിനെതിരെ കർശന നടപടി വേണമെന്ന് യുഎസ് സെനറ്റർമാർ

വാഷിങ്ടൻ ∙ അ‍ഞ്ചു ലക്ഷത്തോളം രോഹിൻഗ്യകൾ ബംഗ്ലദേശിലേക്കു പലായനം ചെയ്യാനിടയായ സംഭവത്തിൽ മ്യാൻമറിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും സൈനിക സഹായം റദ്ദാക്കണമെന്നും 21 യുഎസ് സെനറ്റർമാർ. ഐക്യരാഷ്ട്ര സംഘടനയിലെ (യുഎൻ) യുഎസ് സ്ഥാനപതി നിക്കി ഹേലിക്കു നൽകിയ കത്തിൽ മാധ്യമ, മനുഷ്യാവകാശ പ്രവർത്തകർ, യുഎൻ പ്രതിനിധികൾ‌ തുടങ്ങിയവർക്കു മ്യാൻമർ സന്ദർശിക്കാൻ അവസരം നൽകുന്നതിനു സമ്മർദം ചെലുത്തണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

മ്യാൻമർ രോഹിൻഗ്യകളോടു കാട്ടുന്ന വിവേചനത്തെ അപലപിച്ചു യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടു. ഇതേസമയം, മ്യാൻമറിന്റെ നടപടികളെ ചൈന പിന്തുണയ്ക്കുന്നതായി ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ വക്താവ് ബെയ്ജിങ്ങിൽ പറഞ്ഞു. രാജ്യത്തു സമാധാനവും സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ട്. രോഹിൻഗ്യൻ മുസ്‌ലിംകളോടുള്ള സമീപനത്തെ അപലപിക്കുന്ന മറ്റു രാജ്യങ്ങളോടു യോജിപ്പില്ല. ഇക്കാര്യത്തിൽ ബാഹ്യഇടപെടൽ ആവശ്യമില്ലെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി വ്യക്തമാക്കി.