വയസ്സൻ കോശങ്ങൾക്കും നവയൗവനം; കണ്ടുപിടിത്തവുമായി ഗവേഷകർ

ലണ്ടൻ∙ ആയുസ്സു കൂടുന്നതു നല്ലതാണ്, പക്ഷേ ആരോഗ്യമുണ്ടാകില്ല എന്നതാണു പ്രശ്നം. എന്നാൽ പ്രായമായാലും ചുറുചുറുക്കോടെ ജീവിക്കാം എന്നാണു എക്സ്റ്റർ സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തൽ. മനുഷ്യശരീരത്തിലെ പഴയ കോശങ്ങളെ നവയൗവനത്തിലേക്കു മടക്കിക്കൊണ്ടുവരാമെന്നാണ് അവർ കണ്ടുപിടിച്ചിരിക്കുന്നത്.

ചുവന്ന വീഞ്ഞിലും ചോക്ലേറ്റിലും ചുവന്ന മുന്തിരിയിലും ബ്ലൂബെറി പഴങ്ങളിലും അടങ്ങിയിരിക്കുന്ന റെവർസാട്രോളിനു കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള അസാധാരണ ശേഷിയുണ്ടെന്നാണു കണ്ടെത്തൽ. കൾച്ചറിനു വിധേയമാക്കുന്ന പഴയ കോശങ്ങളിൽ റെവർസാട്രോൾ സൃഷ്ടിക്കുന്ന മാറ്റം ഞെട്ടിക്കുന്നത്.

സാധാരണനിലയിൽ, കോശങ്ങൾ വിഭജിച്ചു പുതിയ കോശങ്ങളാകാൻ ‘സ്പ്ലൈസിങ് ഘടകങ്ങൾ’ വേണം. പ്രായം കൂടുന്തോറും ഇവ പ്രവർത്തനരഹിതമാകും; കോശവിഭജനമെന്ന പ്രക്രിയ അവസാനിക്കും. റെവർസാട്രോളിന്റെ സ്വാധീനത്താൽ സ്പ്ലൈസിങ് ഘടകങ്ങളെ വീണ്ടും പ്രവർത്തനക്ഷമമാക്കാം. കോശവിഭജനം പുനരാരംഭിക്കാമെന്നു മാത്രമല്ല, യുവത്വവും ഉറപ്പ്. ബിഎംസി സെൽ ബയോളജിയിലാണു പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.