ആ ‘തടിയൻ കുള്ളൻ’ കിമ്മിനെ ഞാനങ്ങനെ വിളിക്കില്ല !

ഹാനോയ് (വിയറ്റ്നാം)∙ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനു ട്വിറ്ററി‍ലൊരു കൊട്ടുകൊടുത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തര കൊറിയൻ വിദേശകാര്യ സെക്രട്ടറി തന്നെ കിഴവനെന്നു വിളിച്ച് അപമാനിച്ചെന്നും താൻ പക്ഷേ, ‘തടിയൻ കുള്ളൻ’ കിമ്മിനെ അങ്ങനെ വിളിച്ച് അപമാനിക്കില്ലെന്നുമാണു ട്രംപ് പറയുന്നത്.

‘അയാളുടെ സുഹൃത്താകാൻ ഞാൻ എന്തുമാത്രം ആഗ്രഹിക്കുന്നു; എന്നെങ്കിലുമൊരിക്കൽ അതിനു കഴിയുമായിരിക്കും’– യുഎസ് പ്രസിഡന്റ് കുറിച്ചു. ദക്ഷിണ ചൈനാക്കടലിലെ അതിർത്തി തർക്കത്തിൽ മധ്യസ്ഥനാകാൻ തയാറാണെന്ന് ഏഷ്യ–പസിഫിക് രാജ്യങ്ങളുടെ ഉച്ചകോടിയിൽ ട്രംപ് പറഞ്ഞു.

ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പെന്നവണ്ണം, പടിഞ്ഞാറൻ‌ പസിഫിക് സമുദ്രത്തിൽ യുഎസും ദക്ഷിണ കൊറിയയും ജപ്പാനും യുദ്ധക്കപ്പൽ അഭ്യാസത്തിനു തയാറെടുക്കുകയാണ്.