ചൈനയിലെ ക്രിസ്ത്യൻ വീടുകളിൽ ഇനി ഷി ചിൻപിങ് ‘ദൈവം’

ബെയ്ജിങ്∙ ചൈനയിലെ ക്രൈസ്തവ ഭവനങ്ങളിൽ യേശുക്രിസ്തുവിന്റെ ചിത്രങ്ങൾ നീക്കി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ ചിത്രങ്ങൾ സ്ഥാപിക്കുന്നു. ഇതുവരെ ക്രിസ്തുവിന്റെ 624 ചിത്രങ്ങൾ മാറ്റി പകരം ഷിയുടെ 453 ചിത്രങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു.

ദക്ഷിണ പൂർവ ചൈനയിലെ ജിയാങ്ഷി പ്രവിശ്യയിൽപ്പെട്ട യുഗാൻ പ്രദേശത്താണു പാർട്ടി ഇടപെട്ടു ക്രിസ്തുവിനെ ‘പുറത്താക്കുന്നത്.’ വിശ്വാസികൾ സ്വമേധയാ ചെയ്യുന്നതാണെന്നാണു പാർട്ടിയുടെ വിശദീകരണം. ദാരിദ്ര്യമാണു യുഗാൻ മേഖലയുടെ പ്രത്യേകത. ഇവിടെ അധിവസിക്കുന്ന 10 ലക്ഷം പേരിൽ 11% ‘ബിപിഎൽ വിഭാഗ’ത്തിൽ പെട്ടവരാണ്. ജനസംഖ്യയുടെ 10% ക്രിസ്ത്യാനികളും.

ദാരിദ്യ്രമോ രോഗമോ നീക്കാൻ ക്രിസ്തുവിനു കഴിയില്ലെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കു മാത്രമേ കഴിയൂ എന്നും അതിനാൽ ക്രിസ്തുവിന്റെ ചിത്രങ്ങളും സൂക്തങ്ങളും നീക്കി പകരം ഷിയുടെ ചിത്രം ചുവരിൽ തൂക്കണമെന്നുമാണു പ്രാദേശിക നേതാക്കൾ ഉപദേശിക്കുന്നത്. ഒരു കാലത്തു മാവോയുടെ ചിത്രങ്ങൾ ഓരോ വീട്ടിലും തൂക്കിയിരുന്നതുപോലെ ഷിയും പുതിയൊരു അവതാരമാവുകയാണ്.

‘രോഗം ബാധിച്ചതോടെ പല കുടുംബങ്ങളും പട്ടിണിയിലായി. ക്രിസ്തു രക്ഷിക്കുമെന്നാണ് അവരുടെ വിചാരം. ഇതുവരെ 1000 ചിത്രങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു. മാർച്ചിൽ തുടങ്ങിയതാണ് ഈ യജ്ഞം’– ദാരിദ്ര്യനിർമാർജനത്തിന്റെ ചുമതലയുള്ള കമ്യൂണിസ്റ്റ് നേതാവ് ക്വിയാൻ പറഞ്ഞു.