യുഎസിന് ചൈനയുടെ മുന്നറിയിപ്പ്; യുദ്ധത്തിന് സജ്ജമാകാൻ സേനയോട് ഷി ചിൻപിങ്

Chinese-President-Xi-Jinping
SHARE

ഷാങ്ഹായ് ∙ മേഖലയിലെ സമാധാനാന്തരീക്ഷത്തിനു വെല്ലുവിളി ഉയർത്തി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. ഏതുസമയവും യുദ്ധത്തിനു സജ്‍ജമായിരിക്കാൻ സർവസൈന്യാധിപൻ കൂടിയായ ഷി ചിൻപിങ് സേനയ്ക്കു നിർദേശം നൽകി. വ്യാപാരം, ദക്ഷിണ ചൈന കടലിലെ ഇടപെടലുകൾ എന്നിവയെച്ചൊല്ലി യുഎസുമായുള്ള തർക്കം രൂക്ഷമായിരിക്കെയാണു ചൈനയുടെ പ്രകോപനം.

2019ൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ആദ്യ യോഗത്തിലാണു ഷിയുടെ നിർ‌ദേശം. അടിയന്തര സാഹചര്യം നേരിടാൻ ഒരുങ്ങുക, യുദ്ധത്തിനുള്ള തയാറെടുപ്പുകൾ നടത്തുക എന്നീ കാര്യങ്ങളാണു പ്രധാനമായും ഷി വെള്ളിയാഴ്ചത്തെ യോഗത്തിൽ സംസാരിച്ചതെന്നു സിൻഹുവ വാർത്താ ഏജൻസി അറിയിച്ചു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ മാറ്റങ്ങളിലൂടെയാണു ലോകം കടന്നുപോകുന്നത്. ലോകശക്തി, വികസനം തുടങ്ങിയ വിഷയങ്ങളിൽ ചൈനയെ സംബന്ധിച്ചു നിർണായക കാലമാണിത്. ചൈനയ്ക്കെതിരായ വെല്ലുവിളികൾ വർധിച്ചിരിക്കുന്നു. ആധുനീകരിച്ചു സ്വയം സജ്ജമാകാനുള്ള പദ്ധതികൾ സേന  തയാറാക്കണം. പുതിയ കാലത്തെ ശത്രുക്കളെയും ഭീഷണികളെയും നേരിടാനും അടിയന്തര യുദ്ധങ്ങൾക്കുമുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണം– ഷി വ്യക്തമാക്കി.

ദക്ഷിണ ചൈന കടലിൽ സ്വയംഭരണം ആവശ്യപ്പെടുന്ന തായ്‍വാനുമായി ബന്ധപ്പെട്ടു യുഎസും ചൈനയും തമ്മിൽ തർക്കമുണ്ട്. യുഎസ് ആണ് തായ്‌വാന് ആയുധങ്ങൾ നൽകുന്നത്. തായ്‍വാൻ തങ്ങളുടെ പ്രവിശ്യയാണെന്നാണു ചൈനയുടെ വാദം. ദക്ഷിണ ചൈന കടലിലെ യുഎസ് നിരീക്ഷണവും ദക്ഷിണ കൊറിയയിലെ അത്യാധുനിക മിസൈൽവേധ സംവിധാനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കുമെന്നു ചൈന അഭിപ്രായപ്പെട്ടിരുന്നു.

ഉത്തര കൊറിയയുമായുള്ള സംഘർഷസാധ്യത കണക്കിലെടുത്തു ദക്ഷിണ കൊറിയയിൽ യുഎസ് സ്ഥാപിച്ച മിസൈൽവേധ സംവിധാനം ശക്തമായ റഡാറാണെന്നും തങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും ചൈന പറയുന്നു. കഴിഞ്ഞദിവസം വൻ ആണവേതര ബോംബ് വികസിപ്പിച്ചു ചൈന ലോകത്തെ ഞെട്ടിച്ചിരുന്നു.

‘എല്ലാ ബോംബുകളുടെയും അമ്മ’ എന്ന വിളിപ്പേരുള്ള യുഎസിന്റെ എംഒഎബി എന്ന ബോംബിനുള്ള മറുപടിയാണിത്. നശീകരണ – പ്രഹര ശേഷിയിൽ അണുബോംബിനു തൊട്ടുപിന്നിൽ വരും. ‘മദർ ഓഫ് ഓൾ ബോംബ്സ്’ എന്നു തന്നെയാണ് ചൈനയും ഈ ബോംബിനു നൽകിയിട്ടുള്ള വിളിപ്പേര്. യുഎസ് എംഒഎബിയെക്കാൾ ചെറുതും ഭാരം കുറഞ്ഞതുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA