Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു വിലങ്ങിട്ട് സര്‍ക്കാർ; 4 നഗരങ്ങളില്‍ നിരോധനം

china-christmas ക്രിസ്മസ് തലേന്ന് ബെയ്ജിങ്ങിലെ പള്ളിയിൽ പ്രാർഥന നടത്തുന്ന കുട്ടികൾ

ബെയ്ജിങ്∙ രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി ചൈനീസ് സർക്കാർ. ചൈനയിലെ നാല് നഗരങ്ങളിലും ഒരു കൗണ്ടിയിലും ക്രിസ്മസ് അലങ്കാരങ്ങൾക്കു വിലക്കേർപ്പെടുത്തി. സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങളും വെട്ടിച്ചുരുക്കിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ക്രിസ്മസിന് ആഴ്ചകൾക്കു മുൻപു തന്നെ ആഘോഷങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങൾ സർക്കാർ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ഗാങ്ഷൂവിലെ 40 വർഷം പഴക്കമുള്ള റോൻഗുലി പള്ളി സർക്കാർ അടച്ചുപൂട്ടി. സെപ്റ്റംബറിൽ 1,500 അംഗങ്ങളുള്ള ബെയ്ജിങ്ങിലെ സിയോന്‍ പള്ളിയും പൂട്ടാൻ അധികൃതർ ഉത്തരവിട്ടു. രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ അനൗദ്യോഗിക ആരാധനാലയമായിരുന്നു ഇത്.

ക്രിസ്മസ് രാത്രിയിൽ ചൈനയിലെ ഏർളി റെയ്ൻ കോൺവനന്റ് ചർച്ചിന്റെ പഴയ മുഖ്യകാര്യാലയം പ്രാദേശിക ഭരണകൂടത്തിന്റെ ഓഫിസ് ആക്കി മാറ്റിയതായി സർക്കാർ അറിയിച്ചു. ക്രിസ്തു മതത്തിൽ വിശ്വസിക്കുന്നില്ലെന്ന് എഴുതി നല്‍കാൻ വിശ്വാസികളോട് അധികൃതർ ആവശ്യപ്പെട്ടു. മറ്റു വഴികളില്ലെങ്കിലും രഹസ്യമായി പ്രവർത്തിക്കാനാണു തീരുമാനമെന്ന് വിശ്വാസികൾ അറിയിച്ചു.

ചൈനയിൽ ബൈബിളുകള്‍ ഓൺലൈനിൽ വിൽക്കുന്നത് ഈ വർഷം നിരോധിച്ചിരുന്നു. ആരാധന നടത്തുന്ന ആറോളം ഇടങ്ങൾ അടപ്പിക്കുകയും ചെയ്തു. ഷി ചിൻ പിങ് അധികാരത്തിലെത്തിയതോടെ കടുത്ത നിയന്ത്രണങ്ങളാണു മതങ്ങൾക്കു മേൽ ഏർപ്പെടുത്തിയത്. പടിഞ്ഞാറന്‍ ഷിന്‍ജിയാങ്ങിൽ ആയിരക്കണക്കിന് ഇസ്‍ലാം വിശ്വാസികളെയാണു സർക്കാർ തടവിലാക്കിയത്. ചൈനയിൽ ബിഷപ്പുമാരെ നിയമിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ സെപ്റ്റംബറിൽ വത്തിക്കാന്‍ ഇടക്കാല കരാറിലെത്തിയിരുന്നു. ഇതിന്റെ കൂടുതൽ നടപടികൾക്കായി പ്രതിനിധി സംഘത്തെ ചൈനയിലേക്കു അയച്ചതായും വത്തിക്കാൻ അറിയിച്ചു. 

related stories