ട്രംപിന്റെ ആണവ ഉത്തരവ് നിയമവിരുദ്ധമെങ്കി‍ൽ അനുസരിക്കില്ലെന്ന് യുഎസ് ജനറൽ

ഹാലിഫാക്സ്∙ ആണവയുദ്ധം തുടങ്ങാൻ യുഎസ് പ്രസിഡന്റ് ഉത്തരവിട്ടാൽ, നിയമവിധേയമാണോയെന്നു പരിശോധിച്ചുമാത്രം നടപടിയെന്നു വ്യോമസേനാ ജനറൽ ജോൺ ഹൈറ്റൻ. നിയമവിരുദ്ധമായ ആണവനീക്കത്തിനു പിന്തുണയില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടു തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ആണവകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ട്രാറ്റജിക് കമാൻഡ് മേധാവിയായ ഹൈറ്റൻ പറഞ്ഞത്.

ഉത്തര കൊറിയയുടെ ആണവഭീഷണി പശ്ചാത്തലത്തിൽ ശ്രദ്ധേയമാകുകയാണു വ്യോമസേനാ ജനറലിന്റെ നയം. ഹാലിഫാക്സ് ഇന്റർനാഷനൽ സെക്യൂരിറ്റി ഫോറത്തിലാണു ജയിലിൽ പോകേണ്ടിവന്നാലും നിയമവിരുദ്ധമായ ആണവനീക്കത്തിനു കൂട്ടുനിൽക്കില്ലെന്നു ജോൺ ഹൈറ്റൻ വ്യക്തമാക്കിയത്.

‘ആണവനീക്കത്തിനുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നു ഞാൻ പറഞ്ഞാൽ, നിയമവിധേയമായി വേറെ മാർഗമുണ്ടോയെന്നാകും പ്രസിഡന്റ് ചോദിക്കുക. നിയമത്തിനുള്ളിൽനിന്ന് എല്ലാ സാധ്യതകളും ഞാൻ അദ്ദേഹത്തിനു വിശദീകരിച്ചുകൊടുക്കും’– ഹൈറ്റൻ പറഞ്ഞു.