ട്വിറ്ററിൽ ബ്രിട്ടൻ–യുഎസ് യുദ്ധം; പരസ്പരം പഴിചാരി മേയും ട്രംപും

ഡോണൾഡ് ട്രംപും തെരേസ മേയും.

ലണ്ടൻ∙ ബ്രിട്ടനിലെ തീവ്രവലതുപക്ഷ കക്ഷി നേതാവിന്റെ മുസ്‌ലിം വിരുദ്ധ വിഡിയോകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ പങ്കുവച്ചതിനെ തുടർന്നുണ്ടായ വിവാദം മൂർച്ഛിക്കുന്നു. ബ്രിട്ടൻ സന്ദർശിക്കാൻ ട്രംപിനു നൽകിയ ക്ഷണം തെരേസ മേ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ലേബർ പാർട്ടി നേതാക്കൾ അടക്കം രംഗത്തെത്തി.

എന്നാൽ, ബ്രിട്ടിഷ് പ്രധാനമന്ത്രി ആദ്യം സ്വന്തം നാട്ടിലെ മതതീവ്രവാദികളെ കൈകാര്യം ചെയ്യൂ എന്നായിരുന്നു ട്രംപിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം. ലോകത്തെ ഏറ്റവും മികച്ച കൂട്ടുകെട്ടെന്നു പേരുകേട്ട യുഎസ്–ബ്രിട്ടൻ സഖ്യത്തിലാണു ട്വിറ്റർ പോരു വിള്ളലുണ്ടാക്കിയത്. തെരേസ മേ ഇപ്പോൾ ജോർദാൻ സന്ദർശനത്തിലാണ്.

ബ്രിട്ടൻ ഫസ്റ്റ് നേതാവ് ജയ്ഡ ഫ്രാൻസന്റെ ഇസ്‌ലാം വിരുദ്ധ ട്വീറ്റുകൾ ട്രംപ് അതേപടി വീണ്ടും ട്വീറ്റ് ചെയ്തതാണു പ്രശ്നങ്ങളുടെ തുടക്കം. ട്രംപ് ചെയ്തതു ശരിയായില്ലെന്നു തെരേസ മേയുടെ വക്താവ് ഉടൻതന്നെ പ്രതികരിച്ചു. ട്രംപിന്റെ മറുപടി ആദ്യം പോയതു തെരേസ എന്ന പേരിലുള്ള മറ്റൊരു ട്വിറ്റർ വിലാസത്തിലേക്കായിരുന്നു.

പിന്നീട് അബദ്ധം തിരിച്ചറിഞ്ഞു തെരേസ മേയുടെ ശരിയായ ട്വിറ്റർ വിലാസത്തിലേക്ക് അയച്ചുകൊടുത്തു. യുഎസ് പ്രസിഡന്റ് തന്റെ ട്വീറ്റ് പങ്കുവച്ചതിൽ സന്തോഷമുണ്ടെന്നു ബ്രിട്ടൻ ഫസ്റ്റ് നേതാവ് ജയ്ഡ ഫ്രാൻസൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു ബ്രിട്ടനിൽ തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കിയിട്ടുള്ള സംഘടനയാണു ബ്രിട്ടൻ ഫസ്റ്റ്.