ഇസ്രയേലിനെതിരെ യുഎൻ വോട്ട് തടയാൻ യുഎസ് സംഘം റഷ്യയെ മാത്രമല്ല സ്വാധീനിച്ചതെന്ന് വെളിപ്പെടുത്തൽ

വാഷിങ്ടൻ ∙ റഷ്യൻ ബന്ധം സംബന്ധിച്ച അന്വേഷണത്തിൽ എഫ്ബിഐയോടു കള്ളം പറഞ്ഞ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിൾ ഫ്ലിന്നിനെതിരെ കുറ്റം ചുമത്തിയതിനു പിന്നാലെ യുഎസ് നീക്കങ്ങളുടെ അണിയറക്കഥകൾ ഒന്നൊന്നായി പുറത്ത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജറഡ് കുഷ്നറാണ് റഷ്യൻ അംബാസഡറെ ഫോണിൽ ബന്ധപ്പെടാൻ ഫ്ലിന്നിനോട് ആവശ്യപ്പെട്ടതെന്നു വിവരം.

ട്രംപ് വൈറ്റ്ഹൗസിൽ ഔദ്യോഗികമായി അധികാരമേൽക്കുന്നതിനു തൊട്ടുമുൻപുള്ള ഇടക്കാലത്തായിരുന്നു ഇവരുടെ വിഫലശ്രമം. റഷ്യൻ അംബാസഡർ സെർജി കിസ്‌ല്യാക്കുമായി ഫോണിൽ സംസാരിച്ചില്ലെന്ന് എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥരോടു ഫ്ലിൻ പക്ഷേ കള്ളം പറഞ്ഞു. ഇസ്രയേലിനു പ്രതികൂലമായേക്കാവുന്ന യുഎൻ വോട്ട് തടയാൻ റഷ്യയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളെ സ്വാധീനിക്കാൻ കുഷ്നറും ഫ്ലിന്നും ചേ‍ർന്നു ശ്രമിച്ചു.

ഡിസംബർ 23ന് ആയിരുന്നു യുഎൻ രക്ഷാസമിതിയിൽ വോട്ടെടുപ്പ്. അതിനു മണിക്കൂറുകൾക്കു മുൻപ് യുഎസിലെ ബ്രിട്ടിഷ് അംബാസഡറും മലേഷ്യ ഉൾപ്പെടെ രാജ്യങ്ങളുടെ യുഎൻ പ്രതിനിധികളുമായി ഫ്ലിന്നും കുഷ്നറും സംസാരിച്ചെന്നാണു വിവിധ നയതന്ത്രവിദഗ്ധരുടെ വെളിപ്പെടുത്തലുകൾ.