ഷി ചിൻപിങ്ങിനെ പിന്തുണച്ച് 300 വിദേശ നേതാക്കൾ

ബെയ്‌ജിങ്∙ ലോകസമാധാനത്തിനു ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് നൽകിയ സംഭാവനകളെ പ്രശംസിച്ചു 300 വിദേശ രാഷ്ട്രീയനേതാക്കളുടെ കയ്യൊപ്പ്.

മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചി അടക്കം വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറുകണക്കിനു നേതാക്കൾ പങ്കെടുത്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലുദിവസത്തെ സമ്മേളനത്തിനൊടുവിലാണു ബെയ്‌ജിങ് രേഖ എന്ന പേരിൽ ഒപ്പുശേഖരണം നടത്തിയത്. ആഗോള നേതൃത്വം വഹിക്കാനുള്ള ചൈനയുടെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമായാണിതെന്നു വിലയിരുത്തപ്പെടുന്നു.

ഇറ്റലി, ന്യൂസീലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇടതുനേതാക്കളാണു സമ്മേളനത്തിൽ പങ്കെടുത്തവരിലേറെയും. ചൈനയുടെ ‘വൺ ബെൽറ്റ് വൺ റോഡ്’ (ഒബോർ) പദ്ധതിയെയും നേതാക്കൾ പിന്തുണയ്ക്കുന്നു.