ട്രംപിന് നേട്ടം; യാത്രാവിലക്കിന് സുപ്രീം കോടതിയുടെ പച്ചക്കൊടി

വാഷിങ്ടൻ ∙ ആറു മുസ്‍ലിം രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്കു യുഎസിലേക്കു യാത്ര ചെയ്യുന്നതിനു വിലക്കേർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിനു സുപ്രീം കോടതിയുടെ അനുമതി. ഇതിനെതിരായ അപ്പീൽ പരിഗണിക്കുമെങ്കിലും തീരുമാനം ഉടൻ നടപ്പാക്കാമെന്നു കോടതി വ്യക്തമാക്കി. ഇറാൻ, ലിബിയ, സിറിയ, യെമൻ, സൊമാലിയ, ചാഡ് എന്നിവിടങ്ങളിൽനിന്നുള്ളവർക്കാണു കർശന നിയന്ത്രണങ്ങളും യാത്രാവിലക്കും.

ട്രംപ് ജനുവരിയിൽ അധികാരമേറ്റയുടൻ കൊണ്ടുവന്ന വിലക്കിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഒൻപതു ജഡ്ജിമാരിൽ ഏഴുപേരും യാത്രാവിലക്കിനെതിരെ കീഴ്ക്കോടതികൾ കൊണ്ടുവന്ന നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. രണ്ടുപേർ സർക്കാരിന്റെ ആവശ്യം തള്ളി. സർക്കാർ തീരുമാനം അനുവദിക്കുന്നതിന് ആരും വ്യക്തമായ കാരണം വെളിപ്പെടുത്തിയില്ല. സർക്കാരിന്റെ വിവിധ ഏജൻസികൾ പരിശോധിച്ചു യുഎസ് താൽപര്യത്തിന് എതിരാണെന്നു കണ്ടതുകൊണ്ടാണ് ഈ ആറു രാജ്യങ്ങളിൽനിന്നുള്ളവർ യുഎസിൽ പ്രവേശിക്കുന്നതിനു കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതെന്നു സൊളിസിറ്റർ ജനറൽ നോയൽ ഫ്രാൻസിസ്കോ വാദിച്ചു.

ഹാവായ് ആൻഡ് അമേരിക്കൻ പൗരാവകാശ യൂണിയനാണു യാത്രാവിലക്കിനെതിരെ കോടതിയെ സമീപിച്ചത്. അമേരിക്കയെ സുരക്ഷിതമാക്കുക എന്ന പ്രസിഡന്റ് ട്രംപിന്റെ നയത്തിന്റെ ഭാഗമാണു യാത്രാവിലക്കെന്നു ട്രംപിന്റെ പ്രചാരണ സമിതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ എസ്.ഗ്ലാസ്നർ പറഞ്ഞു. യാത്രാവിലക്കിനെതിരായ നിയന്ത്രണങ്ങൾ സുപ്രീം കോടതി നീക്കിയതോടെ വിലക്ക് പ്രാബല്യത്തിലാവും.