റിയാദിലേക്കു ഹൂതി വിമതർ തൊടുത്ത മിസൈൽ സൗദി തകർത്തു; ലക്ഷ്യമിട്ടത് അൽ യമാമ കൊട്ടാരം

റിയാദ് ∙ തലസ്ഥാനമായ റിയാദിനു നേരെ യെമനിൽ നിന്നു ഹൂതി വിമതർ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി സേന തകർത്തു. ആർക്കും പരുക്കില്ല. രാജകുടുംബാംഗങ്ങളുടെ യോഗം നടക്കാനിരുന്ന റിയാദിലെ അൽ യമാമ കൊട്ടാരമാണു ലക്ഷ്യമിട്ടതെന്നു ഹൂതി വക്താവ് പറഞ്ഞു. രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് ആക്രമണം.

കഴി‍ഞ്ഞ ഒന്നര മാസത്തിനിടെ സൗദിക്കു നേരെ ഇറാൻ പിന്തുണയ്ക്കുന്ന ഹൂതികൾ നടത്തുന്ന മൂന്നാമത്തെ മിസൈൽ ആക്രമണമാണിത്. നവംബർ നാലിനു റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ തൊടുത്ത മിസൈലും ലക്ഷ്യത്തിലെത്തും മുൻപു സൗദി തകർത്തിരുന്നു. ഡിസംബർ ഒന്നിനു ഖാമിസ് നഗരത്തിനു നേർക്കും മിസൈൽ ആക്രമണം നടന്നു. മിസൈൽ ഇറാനിൽ നിർമിച്ചതാണെന്ന സൗദിയുടെ ആരോപണം ഇറാൻ നിഷേധിച്ചിരുന്നു.

ഹൂതികൾ രണ്ടുവർഷം മുൻപു പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയെ പുറത്താക്കി യെമന്റെ തലസ്ഥാനമായ സന പിടിച്ചെടുത്തതു മുതൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യം ഹൂതികൾക്കു നേരെ ആക്രമണം നടത്തിവരികയാണ്. സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തിൽ യെമനിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 136 സാധാരണക്കാർ കൊല്ലപ്പെട്ടതായും 87 പേർക്കു പരുക്കേറ്റതായും യുഎൻ മനുഷ്യാവകാശ ഓഫിസ് അറിയിച്ചു. സന, സാദ, അൽ ഹുദൈയ്ദ, മാരിബ്, തയീസ് പ്രവിശ്യകളിലായിരുന്നു ആക്രമണം.

സൗദി പക്ഷത്തേക്കു കൂറുമാറിയ യെമൻ മുൻ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് ഈ മാസമാദ്യം ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ തിരിച്ചടിയായി സൗദി വ്യോമാക്രമണം ശക്തമാക്കിയിരുന്നു. കഴി‍ഞ്ഞ രണ്ടര വർഷത്തിനിടെ 8750 പേരാണു യെമനിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടത്.