അശ്ലീലചിത്ര വിവാദം: ഗ്രീനിന്റെ രാജി മേയ്ക്കു തിരിച്ചടി

ലണ്ടൻ ∙ ബ്രിട്ടിഷ് മന്ത്രിസഭയിലെ രണ്ടാമനും പ്രധാനമന്ത്രി തെരേസ മേയുടെ വലംകയ്യുമായ ഡാമിയൻ ഗ്രീൻ അശ്ലീലചിത്ര വിവാദത്തിൽ തട്ടി രാജിവച്ചു. പാർലമെന്റ് ഓഫിസിലെ കംപ്യൂട്ടറിൽ അശ്ലീലചിത്രങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊതുജനങ്ങളെയും പാർലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നേരിട്ട ഗ്രീനിനോടു രാജിവയ്ക്കാൻ പ്രധാനമന്ത്രി തെരേസ മേ ആവശ്യപ്പെടുകയായിരുന്നു. ഉപപ്രധാനമന്ത്രിക്കു തുല്യമായ ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ചുമതല വഹിക്കുന്ന ഗ്രീനിന്റെ രാജി മേയ്ക്കു കനത്ത തിരിച്ചടിയായി. രാജിവയ്ക്കാൻ താൻ ആവശ്യപ്പെട്ടുവെന്നും കടുത്ത വ്യഥയോടെയാണ് ഇതു ചെയ്തതെന്നും മേ പറഞ്ഞു.

തന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമായതിൽ മാപ്പുചോദിക്കുന്നുവെന്നു പറഞ്ഞ ഗ്രീൻ, അശ്ലീലചിത്രങ്ങൾ താൻ ഡൗൺലോഡ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ചു. 2008ൽ ഗ്രീനിന്റെ ഓഫിസിൽ പൊലീസ് നടത്തിയ റെയ്ഡിലാണു നഗ്നചിത്രങ്ങൾ കണ്ടെത്തിയത്. അശ്ലീലചിത്രം കണ്ടുവെന്നത് അസത്യമാണെന്നായിരുന്നു ഗ്രീനിന്റെ ആദ്യ നിലപാട്. എന്നാൽ, കംപ്യൂട്ടറിൽ അശ്ലീല ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഗ്രീൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നുകൂടി അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണു രാജി ചോദിച്ചുവാങ്ങാൻ പ്രധാനമന്ത്രി നിർബന്ധിതയായത്. കടുത്ത ഭിന്നതയിലൂടെ കടന്നുപോയ കൺസർവേറ്റീവ് പാർട്ടിയെ ഒരുമിച്ചുനിർത്താൻ മേയെ ഏറെ സഹായിച്ചതു ഗ്രീൻ ആയിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിനുള്ള നടപടിക്രമങ്ങളുടെ അടുത്ത ഘട്ടം 2019 മാർച്ചിൽ നടത്താനിരിക്കേയാണു വിശ്വസ്തൻ രാജിവയ്ക്കേണ്ടി വന്നത്.