ആഭരണ‘വംശീയത’; ബ്രിട്ടിഷ് രാജകുമാരി മാപ്പു പറഞ്ഞു

മൈക്കിൾ രാജകുമാരി. ചുവന്ന വൃത്തത്തിനുള്ളിലുള്ളതാണ് വിവാദ ബ്രോച്.

ലണ്ടൻ∙ ബ്രിട്ടിഷ് രാജ്ഞിയുടെ ക്രിസ്മസ് വിരുന്നിനു താൻ അണിഞ്ഞ ആഭരണം ‘വംശീയ’മാണെന്നു വിമർശനമുയർന്നതോടെ കെന്റിലെ മൈക്കിൾ രാജകുമാരി ക്ഷമാപണം നടത്തി. എലിസബത്ത് രാജ്ഞിയുടെ സഹോദരപുത്രന്റെ ഭാര്യയാണു വിവാദത്തിൽപ്പെട്ടത്. ബുധനാഴ്ച ബക്കിങ്ങാം കൊട്ടാരത്തിൽ നടന്ന ക്രിസ്മസ് വിരുന്നിൽ കിരീടം വച്ച കറുത്ത അടിമയുടെ രൂപമുള്ള ബ്ലാക്കമൂർ ബ്രോച് അണിഞ്ഞാണു രാജകുമാരി എത്തിയത്.

ഹാരി രാജകുമാരന്റെ പ്രതിശ്രുത വധു മേഗൻ മാർക്കിളിന്റെ അമ്മ കറുത്ത വർഗക്കാരിയാണ്. രാജകുടുംബാംഗങ്ങൾക്കു മുൻപാകെ മേഗനെ പരിചയപ്പെടുത്തുന്ന ചടങ്ങു കൂടിയായിരുന്നു ക്രിസ്മ‌സ് വിരുന്ന്. മേഗനുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് ഇതു ധരിച്ചെത്തിയതാണു വിമർശനം രൂക്ഷമാകാൻ കാരണം. വിവാഹശേഷം കെന്റ് രാജകുടുംബത്തിന്റെ അയൽവാസിയായി മേഗൻ എത്താനിരിക്കേയാണു വിവാദം.

2004ലും കെന്റിലെ രാജകുമാരി വംശീയവിവാദത്തിൽപ്പെട്ടിരുന്നു. ന്യൂയോർക്കിലെ റസ്റ്ററന്റിൽ ഒരു സംഘം കറുത്തവർഗക്കാരോടു ‘കോളനികളിലേക്കു തിരിച്ചുപോകൂ’ എന്ന് അവർ പറഞ്ഞുവത്രേ.

എന്താണു ബ്ലാക്കമൂർ?

‘ബ്ലാക്കമൂർ’ പതിനാറാം നൂറ്റാണ്ടിൽ വെനിസിൽ ഉദ്ഭവിച്ച കലാശൈലിയാണ്. ആഭരണങ്ങളിലും ശിൽപങ്ങളിലുമാണ് ഈ രീതി പ്രചാരം നേടിയത്. ‘ബ്ലാക്കമൂർ’ എന്നാൽ കറുത്ത ആഫ്രിക്കൻ വംശജൻ എന്നർഥം. ആഫ്രിക്കൻ വംശജരായ അടിമകളുടെ രൂപങ്ങൾ കാൽപനികവൽക്കരിച്ചു ചിത്രീകരിക്കുന്ന ഈ രീതി വംശീയമാണെന്നാണു വിമർശനം.