കിവീസിനു ‘വെള്ളമടിക്കാൻ’ രാജ്യാന്തര വെള്ളം!

ടായ്റുവ (ന്യൂസീലൻഡ്)∙ ഒരു മേശ. ഒരു പെട്ടി നിറയെ ഐസ്. പുതുവർഷാഘോഷത്തിന്റെ വെടിക്കെട്ടു കണ്ട്, വെള്ളമടിച്ചു വെടിപറഞ്ഞിരിക്കാൻ മണൽകൊണ്ടു കെട്ടിപ്പൊക്കിയ ചെറുദ്വീപു തന്നെ നിർമിച്ചു ന്യൂസീലൻഡിലെ ഒരു സംഘം മദ്യപ്രേമികൾ. ആശയത്തിന്റെ തെളിനീരൊഴുകിയതിന്റെ ഫലം! കൊറോമാൻഡൽ ഉപദ്വീപിലുള്ള, കൊറോമാൻഡൽ ബീച്ചുകളിലെ മദ്യനിരോധനത്തെ മറികടക്കാനാണു ടായ്റുവയിലെ നടുക്കടലിൽ കൃത്രിമ ദ്വീപ് നിർമിച്ചത്.

രാജ്യാന്തര സമുദ്രാതിർത്തി കടന്നാൽ നാട്ടിലെ നിയമം ബാധകമല്ലെന്ന് അവർ വാദിക്കുന്നു. പൊലീസുകാർ പോലും ആ ഭാവനാസമ്പന്നമായ ആശയത്തിനു സല്യൂട്ടടിച്ചു. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ കൂടാമായിരുന്നെന്നാണു പ്രാദേശിക പൊലീസ് ഇൻസ്പെക്ടർ തമാശ പറഞ്ഞത്.