Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി ജസിൻഡയ്ക്ക് ‘ആദ്യത്തെ കൺമണി’ ജൂണിൽ

Jacinda Ardern ക്ലാർക്ക്, ജസിൻഡ

വെല്ലിങ്ടൻ∙ തൊട്ടിലും കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളുമായി വീട്ടിൽ ഒരു മുറിയൊരുക്കണം; ഒപ്പം, ഔദ്യോഗിക വാഹനത്തിൽ ഒരു ‘കുഞ്ഞുസീറ്റും!’ വനിതകൾ കൈക്കു‍ഞ്ഞുമായി പാർലമെന്റിലും ഓഫിസിലും വരുന്നതിൽ ആർക്കും മുഷിച്ചിലില്ലാത്ത ന്യൂസീലൻഡിൽ ഇനി പ്രധാനമന്ത്രിയും സ്വന്തം കുഞ്ഞുമായി വരും.

ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേന്റെ തിരക്കേറിയ ജീവിതത്തിനാണു താരാട്ടീണം. 37 വയസ്സുള്ള ജസിൻഡയ്ക്കും പങ്കാളി ക്ലാർക്ക് ഗേയ്ഫോർഡിനും കൃത്രിമ ഗർഭധാരണ മാർഗങ്ങൾ ആശ്രയിക്കേണ്ടി വന്നേക്കുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ, ഒക്ടോബർ 13ന്, തിരഞ്ഞെടുപ്പു തിരക്കുകൾക്കിടയിൽ, ഗർഭം സ്ഥിരീകരിച്ചപ്പോഴുണ്ടായ സന്തോഷം വലുതായിരുന്നു. അന്നു മുതൽ ഇന്നലെ വരെ ‘വിശേഷം’ അതീവ രഹസ്യമാക്കി സൂക്ഷിച്ചു.

ഛർദിയുൾപ്പെടെ ദിവസം മുഴുവൻ നീളുന്ന ഗർഭാലസ്യങ്ങൾ മറച്ചുവച്ചു പതിവു ചിരിയുമായി ജസിൻഡ പ്രധാനമന്ത്രിക്കസേരിയിലിരുന്നു ജോലി ചെയ്തു. ജൂണിലാണു പ്രസവം. പിന്നെയുള്ള ആറാഴ്ച കുഞ്ഞിനെ നോക്കി വീട്ടിലിരിക്കും. ആ സമയം ഉപപ്രധാനമന്ത്രി വിൻസ്റ്റൻ പീറ്റേഴ്സിനായിരിക്കും പ്രധാനമന്ത്രിയുടെ താൽക്കാലിക ചുമതല. കുഞ്ഞിന്റെ അച്ഛൻ ക്ലാർക്കും മുഴുവൻ സമയം വീട്ടിലുണ്ടാകും.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസമാണു ഗർഭാലസ്യത്തിന്റെ ഛർദി രൂക്ഷമായതെന്ന് ഓർത്തെടുത്ത ജസിൻഡയോടു മാധ്യമപ്രവർത്തകർ ചോദിച്ചു: ഇതെല്ലാം ഇത്ര സുന്ദരമായി കൈകാര്യം ചെയ്യാൻ എങ്ങനെ സാധിക്കുന്നു? ഉത്തരവും സുന്ദരമായിരുന്നു: സ്ത്രീകൾ ഇങ്ങനെയൊക്കെയാണ്!

‘പ്രഥമവനിത’ ബേനസീർ ഭൂട്ടോ

അധികാരത്തിലിരിക്കേ അമ്മയായ ആദ്യ രാഷ്ട്രീയ നേതാവ് ബേനസീർ ഭൂട്ടോയാണ്. 1990 ജനുവരിയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണു മകൾ ബക്താവറിനു ജന്മം നൽകിയത്. 1988ൽ മൂത്തമകൻ ബിലാവൽ പിറക്കുമ്പോൾ ബേനസീർ പ്രതിപക്ഷ നേതാവായിരുന്നു.