ചർച്ചയ്ക്കു തയാറെന്ന് ഉത്തര കൊറിയ; ഒൻപതിനാവാമെന്ന് ദക്ഷിണ കൊറിയ

സോൾ ∙ ബന്ധം മെച്ചപ്പെടുത്താൻ താൽപര്യമുണ്ടെന്ന് ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉൻ അറിയിച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഉന്നതതല ചർച്ച ഒൻപതിനു നടത്താമെന്നു ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയയിലെ പ്യൂങ്ചോങ്ങിൽ ഈ മാസം ഒൻപതിന് ആരംഭിക്കുന്ന ശീതകാല ഒളിംപിക്സിൽ പങ്കെടുക്കാനും ഉത്തര കൊറിയ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ആണവ ബട്ടൺ തന്റെ കൈവശമാണുള്ളതെന്ന് അറിയിച്ച നവവത്സര സന്ദേശത്തിൽ തന്നെയാണു ദക്ഷിണ കൊറിയയുമായി ചർച്ചയ്ക്കു തയാറാണെന്ന് കിം അറിയിച്ചത്. ഏതു സമയത്തും എവിടെവച്ചും ചർച്ചയ്ക്കു തയാറാണെന്ന് ദക്ഷിണ കൊറിയ ഉടൻ പ്രതികരിച്ചു.

അതിർത്തി ഗ്രാമങ്ങളിൽ ഏതെങ്കിലും ചർച്ചയ്ക്കു വേദിയായേക്കും. ഇരുരാജ്യങ്ങളും1950–53ലെ കൊറിയൻ യുദ്ധത്തിനുശേഷം കടുത്ത ശത്രുതയിലാണ്. 2015ലാണ് ഏറ്റവും ഒടുവിൽ ഉന്നതതല ചർച്ച നടത്തിയത്. കിമ്മിന്റെ നിർദേശത്തെ സ്വാഗതം ചെയ്ത ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജേ ഇൻ സമാധാനത്തിനുള്ള സുവർണാവസരമാണിതെന്നു പറഞ്ഞു.

എന്നാൽ ആണവനിർവ്യാപന ശ്രമങ്ങളുണ്ടായാലേ ചർച്ചകൾ ഫലവത്താകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിന്റെ മുഴുവൻ എതിർപ്പ് അവഗണിച്ച് അണ്വായുധ പദ്ധതിയുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടന കടുത്ത ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.