നക്ഷത്രം കിട്ടി; കണ്ടാൽ സൂര്യനെപ്പോലെ!

ലണ്ടൻ∙ സൂര്യനിലെ കാന്തിക മണ്ഡലവും താപസംവഹനവും ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നത് എങ്ങനെയെന്നറിയാൻ സഹായിക്കുമെന്നു കരുതുന്ന അപരനക്ഷത്രം കണ്ടെത്തി. 120 പ്രകാശവർഷം അകലെ, സിഗ്‌നസ് നക്ഷത്രസമൂഹത്തിന്റെ ഭാഗമായ നക്ഷത്രമാണു സൗരപഠനത്തിൽ ശാസ്ത്രജ്ഞർക്കു വഴിവിളക്കാകുക.

അപരനക്ഷത്രത്തിനു സൂര്യന്റെ അത്രതന്നെ പിണ്ഡവും വ്യാസവുമാണെങ്കിലും ഉപരിതലത്തിലെ രാസഘടന വ്യത്യസ്തമാണ്. ഹൈഡ്രജനും ഹീലിയവുമല്ലാതെ ഭാരമേറിയ വാതകങ്ങളുടെ സാന്നിധ്യവുമുണ്ട്. ഈ നക്ഷത്രത്തിലെ സൗരചക്രത്തെക്കുറിച്ചുള്ള വിവരങ്ങളും സമാഹരിച്ചുകഴിഞ്ഞു.

ബ്ലാക് സ്പോട്ട് എന്ന സൂര്യമണ്ഡലത്തിലെ കറുത്ത പാടുകൾ രൂപംകൊള്ളുന്നതിനെക്കുറിച്ചും മറ്റു പ്രതിപ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിശദപഠനമാണു ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്.