എച്ച്–1 ബി വീസയിൽ ആശ്വാസം

വാഷിങ്ടൻ∙ വിദഗ്ധ മേഖലയിൽ ജോലിചെയ്യുന്നവർക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയായ എച്ച്–1 ബി പുതുക്കുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്താനുള്ള നീക്കം യുഎസ് സർക്കാർ ഉപേക്ഷിച്ചു. ഐടി ഉൾപ്പെടെയുള്ള വിദഗ്ധ തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്ന ഏഴര ലക്ഷത്തോളം ഇന്ത്യക്കാർ യുഎസ് വിടേണ്ടിവരുമെന്ന വലിയ ആശങ്ക ഇതോടെ ഒഴിവായി.

ജോലികളിൽ നാട്ടുകാർക്കു മുൻഗണന നൽകുകയെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന്റെ അടിസ്ഥാനത്തിൽ വീസ പുതുക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്താൻ യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, നിയമത്തിലെ ഒരു വകുപ്പു തെറ്റായി വ്യാഖ്യാനിച്ചുള്ളതാണു റിപ്പോർട്ടെന്നും എച്ച്–1 ബി വീസ പുതുക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഭേദഗതിയൊന്നും പരിഗണിക്കുന്നില്ലെന്നും യുഎസ്‌സിഐഎസ് വക്താവ് ജൊനാഥൻ വിതിങ്ടൻ അറിയിച്ചു.

വീസ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെ വ്യവസായ സംഘടനകളും യുഎസ് കോൺഗ്രസ് അംഗങ്ങളും എതിർത്തിരുന്നു. എന്നാൽ സമ്മർദങ്ങളുടെ അടിസ്ഥാനത്തിലല്ല തീരുമാനമെന്നും നയം മാറ്റം ആലോചിച്ചിട്ടില്ലെന്നുമാണു യുഎസ്‌സിഐഎസിന്റെ നിലപാട്. 

മൂന്നുവർഷത്തെ എച്ച്–1 ബി വീസയിൽ യുഎസിൽ ജോലിക്കെത്തുന്നവർക്കു കാലാവധിക്കു ശേഷം മൂന്നു വർഷത്തേക്കു കൂടി വീസ ഒറ്റത്തവണയായി നീട്ടിക്കിട്ടാൻ ഇപ്പോൾ വ്യവസ്ഥയുണ്ട്. ഇതിനകം സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷ നൽകിയാൽ, അതിൽ തീരുമാനമാകുന്നതു വരെ എത്രകാലം വേണമെങ്കിലും തുടരാം. ഈ വ്യവസ്ഥ ഭേദഗതി ചെയ്ത്, വീസ പുതുക്കിനൽകുന്നതു യുഎസ്‌സിഐഎസിന്റെ വിവേചനാധികാരമാക്കി മാറ്റുമെന്നായിരുന്നു റിപ്പോർട്ടുകൾ.