അസഭ്യം പറഞ്ഞ ട്രംപിനെതിരെ ആഫ്രിക്ക

നയ്റോബി ∙ അസഭ്യവാക്കു പറഞ്ഞ് ആഫ്രിക്കൻ രാജ്യങ്ങളെ അവഹേളിച്ച യുഎസ് പ്രസി‍ഡന്റിനെതിരെ ആഫ്രിക്കൻജനരോഷം. ട്രംപിന്റെ പരാമർശം വംശീയതയും വിദേശികളോടുള്ള വിദ്വേഷവും പ്രകടിപ്പിക്കുന്നതാണെന്ന പൊതുവികാരമാണ് ഉയർന്നിട്ടുള്ളത്. 55 അംഗരാജ്യങ്ങൾ ഉൾപ്പെട്ട ആഫ്രിക്കൻ യൂണിയൻ ട്രംപിന്റെ അവഹേളനത്തെ അപലപിച്ചതിനു പിന്നാലെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള യുഎൻ അംബാസഡർമാർ ബുഷ് അസഭ്യപ്രസ്താവന പിൻവലിച്ചു മാപ്പുപറയണമെന്നു സംയുക്ത പ്രഖ്യാപനത്തിലൂടെ ആവശ്യപ്പെട്ടു.

ആഫ്രിക്കൻരാജ്യങ്ങളിൽനിന്ന് ഹെയ്റ്റി, എൽസാൽവഡോർ എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെ സംരക്ഷണം സംബന്ധിച്ച ചർച്ചയ്ക്കിടയിൽ ‘മലദ്വാര’ സമാന രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ യുഎസ് എന്തിനു സ്വീകരിക്കണമെന്നു ട്രംപ് പറഞ്ഞതായാണു റിപ്പോർട്ട്. എന്നാൽ താൻ ആ ഭാഷാപ്രയോഗം നടത്തിയിട്ടില്ലെന്നു ട്രംപ് പിന്നീട് ട്വീറ്റ് ചെയ്തു.

പ്രതികരണങ്ങൾ

∙ യുഎൻ മനുഷ്യാവകാശ സംഘടന: ഞെട്ടിപ്പിക്കുന്നതും നാണംകെട്ടതും വംശീയവുമായ പരാമർശം. വെള്ളക്കാരല്ലാത്ത ജനങ്ങൾ മാത്രമുള്ള രാജ്യങ്ങളെയോ ഭൂഖണ്ഡങ്ങളെയോ അപ്പാടെ താറടിച്ച് അസ്വീകാര്യരാക്കരുത്.

∙ ബോട്സ്വാന: ട്രംപിന്റെ പരാമർശം നിരുത്തരവാദപരം, നിന്ദ്യം, വംശീയം. ബോട്സ്വാന രാജ്യം ഇതിൽ പെടുമോ എന്നു യുഎസ് പറയണം.

∙ സെനഗൽ: മനുഷ്യന്റെ അന്തസ്സിനെ, പ്രത്യേകിച്ചും ആഫ്രിക്കയുടെയും അവിടത്തെ ജനതയുടെയും വിലയിടിച്ചുകാട്ടുന്ന അസ്വീകാര്യമായ പരാമർശം.

∙ സുഡാൻ: ക്രൂരമായ പരാമർശം.

∙ വത്തിക്കാൻ മുഖപത്രമായ ഒസ്സർവത്തോരെ റൊമാനോ: നിഷ്ഠുരവും കുറ്റകരവുമായ പരാമർശം. സമൂഹമാധ്യമങ്ങളിലും ട്രംപിന്റെ അസഭ്യപ്രയോഗത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നു. ടിവി അവതാരകർ ടോക്‌ ഷോകളിലും വിമർശനമുയർത്തി.