പ്രസിഡന്റ് നല്ല പയറുമണിപോലെ; ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് വൈറ്റ്‌ഹൗസ് ഡോക്ടർ

വാഷിങ്ടൻ ∙ യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ആരോഗ്യവാനായ പ്രസിഡന്റ് എന്നു ഡോണൾഡ് ട്രംപ് ആവർത്തിക്കുന്നതിനു വൈറ്റ്‌ഹൗസ് ഡോക്ടറുടെ സാക്ഷ്യപത്രം. പ്രസിഡന്റിന് ആരോഗ്യ സംബന്ധമായ ഒരു കുഴപ്പവുമില്ലെന്നു മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെയും ആരോഗ്യം നോക്കിയിരുന്ന ഡോ. റോണി ജാക്സൻ അറിയിച്ചു. വാൾട്ടർ റീഡ് മെഡിക്കൽ സെന്ററിലായിരുന്നു ട്രംപിനു പരിശോധന. വിശദാംശങ്ങൾ പതിനാറിനു പുറത്തുവിടും.

71 വയസ്സുള്ള ട്രംപിന്റെ മാനസികാരോഗ്യത്തെച്ചൊല്ലി വിവാദപരാമർശങ്ങളുള്ള പുസ്തകം പുറത്തുവന്ന പശ്ചാത്തലത്തിൽ ഇത്തവണത്തെ വൈദ്യപരിശോധന വലിയ സംഭവമാക്കി മാറ്റിയിരിക്കുകയാണു യുഎസ് മാധ്യമങ്ങൾ. പ്രസിഡന്റിന്റെ മാനസികനില പരിശോധിക്കില്ലെന്നു വൈറ്റ്‍ഹൗസ് വ്യക്തമാക്കിയിരുന്നതാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കഴിഞ്ഞവർഷം നവംബറിൽ ട്രംപ് തന്റെ ആരോഗ്യം സാക്ഷ്യപ്പെടുത്തുന്ന കുടുംബ ഡോക്ടറുടെ കത്ത് പ്രസിദ്ധപ്പെടുത്തിയിരുന്നു.

ആറടി മൂന്നിഞ്ച് ഉയരവും 107 കിലോഗ്രാം തൂക്കവുമുള്ള ട്രംപിന് അമിതഭാരമുണ്ടെന്നതൊഴിച്ചാൽ‌ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു കത്തിൽ. കൊളെസ്ടെറോൾ കുറയ്ക്കാൻ മരുന്നു കഴിക്കുന്നുണ്ടെന്നും രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും പരിധിക്കുള്ളിലാണെന്നും ഡോ. ഹാരോൾഡ് ബോൺസ്റ്റെയ്ൻ അന്നു സാക്ഷ്യപ്പെടുത്തി.