യുഎൻ ചർച്ചയിൽ ജാദവിന്റെ പേര് വലിച്ചിഴച്ച് പാക്കിസ്ഥാൻ

ന്യൂയോർക്ക് ∙ ഭീകരർക്കു സഹായം ചെയ്യുന്നതിന്റെ പേരിൽ യുഎൻ രക്ഷാസമിതിയിൽ ഏൽക്കേണ്ടിവന്ന കടുത്ത വിമർശനത്തിനു മറുപടിയായി കുൽഭൂഷൺ ജാദവിന്റെ പേര് ചർച്ചയിലേക്കു വലിച്ചിഴച്ചു പാക്കിസ്ഥാൻ. പാക്കിസ്ഥാൻ നടത്തുന്ന ഭീകരപ്രവർത്തനങ്ങളെ ഇന്ത്യ, യുഎസ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ശക്തിയായി എതിർത്തതോടെയാണു കുൽഭൂഷൺ ജാദവിനെ പരാമർശിച്ചു പാക്കിസ്ഥാൻ പ്രതിരോധത്തിനു ദുർബല ശ്രമം നടത്തിയത്.

നിലപാടു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നവർ സ്വയം ഉള്ളിലേക്കു നോക്കുന്നതു നന്നായിരിക്കുമെന്നായിരുന്നു യുഎന്നിലെ പാക്ക് പ്രതിനിധി മലീഹ ലോധിയുടെ പരാമർശം. ഇന്ത്യൻ ചാരനെന്ന് ആരോപിച്ചു പാക്കിസ്ഥാൻ പിടികൂടിയ ജാദവിനു പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചെങ്കിലും രാജ്യാന്തര കോടതി ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞിരുന്നു.

ഭീകരരെ നല്ലത്, മോശം എന്നിങ്ങനെ തരംതിരിച്ചു കാണുന്ന പാക്കിസ്ഥാന്റെ നിലപാടിൽ മാറ്റം വന്നേ തീരൂവെന്നു യുഎന്നിലെ ഇന്ത്യൻ സ്ഥാനപതി സയ്യിദ് അക്ബറുദീൻ ആവശ്യപ്പെട്ടു.