‘ട്രംപുമായി ഒന്നുമില്ല’

നിക്കി ഹേലി

വാഷിങ്ടൻ∙ പ്രസിഡന്റ് ട്രംപിനെയും തന്നെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ മനംമടുപ്പിക്കുന്നതെന്നു നിക്കി ഹേലി. ഡോണൾഡ് ട്രംപിനു വിവാഹേതര ബന്ധമുണ്ടെന്നും ഇന്ത്യൻ വംശജയായ ഹേലിയാണതെന്നുമുള്ള വിവാദപുസ്തകത്തിലെ സൂചനകൾ വിവാദമായതോടെയാണു യുഎന്നിലെ യുഎസ് അംബാസഡറുടെ രൂക്ഷമായ പ്രതികരണം.

സ്വന്തം രാഷ്ട്രീയഭാവിയെപ്പറ്റി ചർച്ച ചെയ്യാൻ ഹേലി ട്രംപിനൊത്ത് ഒരുപാടു സമയം ചെലവിടുന്നുണ്ടെന്നാണു മൈക്കൽ വുൾഫ് എഴുതിയ ഫയർ ആൻഡ് ഫ്യൂറിയിലെ പരാമർശം. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണിൽ അദ്ദേഹത്തിനൊപ്പം ഒരിക്കൽ യാത്ര ചെയ്തിട്ടുണ്ടെന്നും പക്ഷേ, ഇരുവരും ഒറ്റയ്ക്കായിരുന്നില്ലെന്നുമാണു ഹേലിയുടെ വിശദീകരണം.

സൗത്ത് കാരലിന ഗവർണർ ഉൾപ്പെടെ മറ്റു പദവികളിലിരുന്നപ്പോഴും സമാനമായ ആരോപണങ്ങൾ നേരിട്ടിട്ടുണ്ടെന്നും സ്ത്രീകളോടുള്ള ഇത്തരം സമീപനം അവസാനിപ്പിക്കണമെന്നും അവർ പറഞ്ഞു.