ജർമനിയിൽ വിശാലമുന്നണി സർക്കാരിനു ധാരണ

ബർലിൻ ∙ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജർമനിയിൽ വിശാല മുന്നണി സർക്കാർ അധികാരത്തിലേക്ക്. നാലാം വട്ടവും ചാൻസലർ പദവിയിലെത്തുന്ന അംഗല മെർക്കലിന്റെ കൺസർവേറ്റിവ് പാർട്ടി, സഖ്യകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കു (എസ്പിഡി)വേണ്ടി കനത്ത വിട്ടുവീഴ്ചകൾ ചെയ്തതോടെയാണു മുന്നണി രൂപീകരണം സാധ്യമായത്. ക്രിസ്ത്യൻ ഡെമോക്രാറ്റ് യൂണിയൻ (സിഡിയു), ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയൻ (സിഎസ്‍യു) എന്നിവരാണു മറ്റു സഖ്യകക്ഷികൾ. 

ധാരണയുടെ ഭാഗമായി എസ്പിഡിക്കു വിദേശം, ധനം, തൊഴിൽ അടക്കം ആറു പ്രധാന വകുപ്പുകൾ വിട്ടുകൊടുത്തു. സിഡിയുവിനു പ്രതിരോധം, സിഎസ്‍യുവിന് ആഭ്യന്തരം എന്നിങ്ങനെയാണു ധാരണ. എസ്പിഡി നേതാവ് മാർട്ടിൻ ഷുൾസ് ഉപചാൻസലറും വിദേശകാര്യമന്ത്രിയുമാകും. സിഎസ്‍യു അധ്യക്ഷൻ ഹോഴ്സ്റ്റ് സീഹോഫർ ആഭ്യന്തര മന്ത്രിയാകും. ഇനി കൂട്ടുകക്ഷി സർക്കാരിന്റെ ധാരണാപത്രവും രൂപരേഖയും പാർട്ടി നേതാക്കൾ ഒപ്പുവച്ചാൽ മതി. പുതിയ മന്ത്രിസഭ ഏപ്രിൽ ഒന്നിനു മുൻപ് അധികാരമേറ്റേക്കും.