വൃക്കരോഗ ഗവേഷണത്തിൽ പുതിയ കാൽവയ്പ്; വൃക്കയുടെ കൃത്രിമകോശങ്ങൾ വികസിപ്പിച്ചു

ലണ്ടൻ∙ വൃക്കരോഗ ഗവേഷണത്തിൽ നാഴികക്കല്ലായി പുതിയ കണ്ടുപിടിത്തം. മൂലകോശ ഗവേഷണത്തിലൂടെ വൃക്കയുടെ കോശങ്ങൾ രൂപപ്പെടുത്തിയ മാഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകരാണു നേട്ടം കൈവരിച്ചത്. വൃക്കയിലുള്ള ‘കിഡ്നി ഗ്ലോമറൂളി’ എന്ന സൂക്ഷ്മഭാഗം മൂലകോശങ്ങളിൽ നിന്നു വികസിപ്പിച്ചാണു ഗവേഷകർ തുടങ്ങിയത്. തുടർന്ന് ഇവ ഒരു ജൈവിക ജെൽ പദാർഥത്തിൽ ലയിപ്പിച്ചതിനു ശേഷം എലികളുടെ തൊലിക്കുള്ളിലേക്കു കുത്തിവച്ചു. മൂന്നു മാസത്തിനു ശേഷം കുത്തിവച്ച സ്ഥലത്തു കിഡ്നിയുടെ അടിസ്ഥാനമായ നെഫ്രോണുകൾ രൂപപ്പെടുകയും വൃക്കയുടെ സമാനപ്രവർത്തനം കാഴ്ചവയ്ക്കുന്ന സംയുക്തകോശം വികസിക്കുകയും ചെയ്തെന്നു ഗവേഷകർ പറയുന്നു.

മനുഷ്യശരീരത്തിലെ നെഫ്റോണുകളുടെ പ്രധാനഭാഗങ്ങളായ പ്രോക്സിമൽ ട്യ‌ൂബൂളുകൾ, ഡിസ്റ്റൽ ട്യൂബൂളുകൾ, ബോമാൻസ് ക്യാപ്സ്യൂൾ, ചെറുരക്തവാഹിനികളായ ക്യാപ്പിലറികൾ എന്നിവയെല്ലാം സംയുക്തകോശത്തില്‍ കണ്ടെത്തിയ നെഫ്രോണുകളിലുണ്ടെന്നു പ്രമുഖ ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

രക്തത്തെ ശുദ്ധീകരിച്ചു മൂത്രത്തിനു സമാനമായ ദ്രാവകം പുറന്തള്ളാനും ഇതിനു കഴിവുണ്ട്. എന്നാൽ കിഡ്നിയിലേക്കു രക്തം കൊണ്ടുവരുന്ന വലിയ രക്തധമനികളുടെ അഭാവം മൂലം പുതിയ ദശയുടെ പ്രവർത്തനത്തിനു പരിധികളുണ്ട്. ഇതു മറികടക്കാനുള്ള നടപടികളിലേക്കു കടക്കുകയാണു ശാസ്ത്രജ്ഞർ ഇപ്പോൾ. പുതിയ കണ്ടുപിടിത്തം കൃത്രിമ വൃക്കകളുടെ വികസനത്തിൽ വലിയ മുതൽക്കൂട്ടാകുമെന്നു ഗവേഷകസംഘത്തിലുൾപ്പെട്ട ശാസ്ത്രജ്ഞയായ സ്യൂ കിംബർ അറിയിച്ചു.