കൗതുകമായി കിമ്മിന്റെയും ട്രംപിന്റെയും അപരൻമാർ

ഹോവാഡ് എക്‌സും ഡെനീസ് അലനും

സോൾ ∙ ശീതകാല ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ കൗതുകം പകർന്നതു ഡോണൾഡ് ട്രംപിന്റെയും കിം ജോങ് ഉന്നിന്റെയും അപരൻമാർ. സ്റ്റേഡിയത്തിൽ മാധ്യമസംഘം ഇരിക്കുന്ന ഭാഗത്താണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. പിന്നീട് സുരക്ഷാസൈനികർ അവരെ അവിടെനിന്നു മാറ്റി. കിമ്മിന്റെ രൂപസാദൃശ്യമുള്ള ഹോവാഡ് എക്‌സും ട്രംപിനെപ്പോലെയുള്ള ഡെനീസ് അലനും ഒരുമിച്ചാണെത്തിയത്.

കൊറിയൻ ഉച്ചകോടി

കൊറിയൻ യുദ്ധത്തിനുശേഷം (1950–53) കൊറിയകൾക്കിടയിൽ നടന്നതു രണ്ട് ഉച്ചകോടികൾ മാത്രം. ആദ്യത്തേത് 2000 ജൂൺ 13 മുതൽ 15 വരെ. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ദക്ഷിണ കൊറിയയുടെ അന്നത്തെ പ്രസിഡന്റ് കിം ഡെ ജുങ്ങാണു പ്യോങ്യാങ്ങിലെത്തി കിം ജോങ് ഇല്ലുമായി ചർച്ച നടത്തിയത്. ഇരുനേതാക്കളും സംയുക്ത സമാധാന പ്രഖ്യാപനവും നടത്തി. രണ്ടാമത്തേത് 2007 ഒക്ടോബർ രണ്ടുമുതൽ നാലുവരെ പ്യോങ്യാങ്ങിൽ നടന്നു. ദക്ഷിണ കൊറിയയുടെ അന്നത്തെ പ്രസിഡന്റ് റോ മൂ ഹ്യൂണും കിം ജോങ് ഇല്ലുമായാണു ചർച്ച നടന്നത്.