യാത്രാവിലക്ക് ഭരണഘടനാ വിരുദ്ധമെന്ന് യുഎസ് കോടതി; ട്രംപിന്റെ വിവാദ തീരുമാനത്തിനു വീണ്ടും തിരിച്ചടി

വാഷിങ്ടൻ∙ ആറു മുസ്‌ലിം രാഷ്ട്രങ്ങളിൽനിന്നുള്ളവർക്കു യുഎസിലേക്കു യാത്രാവിലക്ക് ഏർപ്പെടുത്തിയതു ഭരണഘടനാവിരുദ്ധമെന്നു ഫെഡറൽ അപ്പീൽ കോടതി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ തീരുമാനം മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചുള്ളതാണെന്നും മതത്തിന്റെ പേരിലുള്ള ഇത്തരം വിവേചനം ഭരണഘടനയ്ക്കു വിരുദ്ധമാണെന്നും വെർജീനിയയിലെ റിച്ച്മണ്ടിലുള്ള നാലാം സർക്യൂട്ട് അപ്പീൽ കോടതി വിധിച്ചു.

ഒൻപതംഗ ബെ‍ഞ്ച് 5–4ന് ആണു കേസിൽ തീർപ്പുകൽപിച്ചത്. യാത്രാവിലക്ക് യുഎസ് കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണെന്നു സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഒൻപതാം സർക്യൂട്ട് അപ്പീൽ കോടതി നേരത്തേ വിധിച്ചിരുന്നു. മുസ്‌ലിംകൾക്കു വിലക്കേർപ്പെടുത്തുമെന്നതു ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനംകൂടിയായിരുന്നെന്നു ചീഫ് ജഡ്ജി റോജർ ഗ്രിഗറി ഉത്തരവിൽ പ്രത്യേകം ചൂണ്ടിക്കാട്ടി.

ബ്രിട്ടനിലെ മുസ്‍ലിം വിരുദ്ധ നേതാവ് ട്വീറ്റ് ചെയ്ത വിവാദ വിഡിയോകൾ ട്രംപ് ട്വിറ്ററിൽ പങ്കുവച്ച കാര്യവും പരാമർശിച്ചു. ട്രംപിന്റേതു മുസ്‌ലിം വിരുദ്ധ നിലപാടാണെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നുതന്നെ വ്യക്തമാണ്. ഇതേ വിവേചനമനോഭാവമാണു യാത്രാവിലക്ക് ഉത്തരവിനു പിന്നിലും. ഇതു യുഎസിലെ മതസ്വാതന്ത്ര്യത്തിനും സഹിഷ്ണുതാ മനോഭാവത്തിനും വിരുദ്ധമാണ് – ഗ്രിഗറി വ്യക്തമാക്കി.

ട്രംപിന്റെ തീരുമാനത്തിനു പക്ഷേ സുപ്രീം കോടതിയുടെ അനുമതിയുണ്ട്. യാത്രാവിലക്ക് ഉത്തരവനുസരിച്ച് ഇറാൻ, ലിബിയ, സിറിയ, യെമൻ, സൊമാലിയ, ചാഡ് എന്നീ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർ യുഎസിൽ പ്രവേശിക്കുന്നതിനാണു കർശന നിയന്ത്രണമുള്ളത്.