ട്രംപ് എത്തിയപ്പോൾ ചൈനീസ് ഭടൻ തടഞ്ഞു; യുഎസ് ഭടൻ തൂക്കിയെറിഞ്ഞു

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ വർഷം ചൈന സന്ദർശിച്ചപ്പോൾ, ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളിയുണ്ടായെന്നു വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട അഞ്ചു കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് ആക്സിയോസ് എന്ന യുഎസ് വെബ്സൈറ്റ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

സംഭവം ഇങ്ങനെ: യുഎസ് പ്രസിഡന്റിനോടൊപ്പം ‘ന്യൂക്ലിയർ ഫുട്ബോൾ’ എന്നറിയപ്പെടുന്ന കറുത്ത പെട്ടിയുമായി ഒരു സൈനികൻ എപ്പോഴും ഉണ്ടാവും. അടിയന്തര സാഹചര്യത്തിൽ അണ്വായുധം പ്രയോഗിക്കാൻ ഉത്തരവിടണമെങ്കിൽ ഈ പെട്ടിയിലുള്ള രഹസ്യകോഡ് പ്രസിഡന്റ് തന്നെ പ്രതിരോധ വിഭാഗത്തിന്റെ ആസ്ഥാനമായ പെന്റഗണിൽ അറിയിക്കണമെന്നതാണു നടപടിക്രമം.

2017 നവംബർ ഒൻപതിനു ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ സന്ദർശിക്കുമ്പോൾ പെട്ടിയുമായി ട്രംപിനോടൊപ്പം സൈനികനും ചെന്നു. എന്നാൽ ചൈനീസ് സുരക്ഷാഭടൻ ഇയാളെ തടഞ്ഞുനിർത്തി. വിവരം അറിഞ്ഞു തൊട്ടുമുന്നിലുണ്ടായിരുന്ന വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയ ജെൺ കെല്ലി പിന്നിലേക്കു വന്നു സൈനികനോടു മുന്നോട്ടുപോകാൻ പറഞ്ഞു.

ഇതിനിടെ, കെല്ലിയെയും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥൻ കൈവച്ചുതടഞ്ഞെങ്കിലും മുൻ നാവിക ജനറൽ കൂടിയായ കെല്ലി കൈ തട്ടിയെറിഞ്ഞു. ഒപ്പമുണ്ടായിരുന്ന യുഎസ് സീക്രട്ട് സർവീസിലെ സുരക്ഷാഭടൻ ഞൊടിയിടയിൽ ചൈനക്കാരനെ മലർത്തിയടിച്ചു. എല്ലാം നിമിഷങ്ങൾക്കകമായിരുന്നു. തുടർന്നു ചൈനീസ് സുരക്ഷാമേധാവി യുഎസ് ഉദ്യോഗസ്ഥരോടു മാപ്പു പറയുകയും ചെയ്തു.

ചൈനീസ് ഉദ്യോഗസ്ഥർ യുഎസ് പ്രസിഡന്റിനെ അപമാനിച്ചിട്ടുള്ളത് ഇതാദ്യമല്ല. 2016ൽ പ്രസിഡന്റായിരുന്ന ബറാക് ഒബാമ യുഎസിലെത്തിയപ്പോൾ വിമാനത്താവളത്തിൽ വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്പോരുണ്ടായി. പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിന്റെ വാതിൽ തുറന്നിട്ടും ഇറങ്ങാനുള്ള ഗോവണി വന്നില്ല. ലോകത്തെ ഏറ്റവും ശക്തനായ രാഷ്ട്രത്തലവൻ എത്തിയിട്ടും ഗോവണിക്കായി കാത്തുനിൽക്കേണ്ടി വന്നതു ലോകത്തെ അന്നു ഞെട്ടിച്ചു.

മാധ്യമപ്രവർത്തകർ ഫോട്ടോയെടുക്കാൻ തുടങ്ങിയപ്പോൾ മാറിനിൽക്കാനായിരുന്നു ചൈനക്കാരുടെ നിർദേശം. അതു യുഎസ് പ്രസിഡന്റാണെന്നും അദ്ദേഹത്തിന്റെ വിമാനമാണെന്നും വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകരാണെന്നും ചൂണ്ടിക്കാട്ടി യുഎസ് ഉദ്യോഗസ്ഥൻ ഇടപെട്ടപ്പോൾ ഇതു തങ്ങളുടെ രാജ്യമാണെന്നായിരുന്നു ചൈനക്കാരുടെ ആക്രോശം.