മഹത്വമോ? ട്രംപിനു പറഞ്ഞിട്ടില്ല!

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റുമാരിൽ മഹത്വം ഏറ്റവും കുറവ് ഡോണൾഡ് ട്രംപിന്. പ്രഥമ പ്രസിഡന്റ് ജോർജ് വാഷിങ്ടന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ‘പ്രസിഡന്റ്സ് ഡേ’ പ്രമാണിച്ചാണു വിദഗ്ധരുടെ സർവേ. ‘പ്രസിഡൻഷ്യൽ ഗ്രേറ്റ്നസ്’ പട്ടികയിൽ ഏറ്റവുമൊടുവിലാണു ട്രംപിന്റെ സ്ഥാനം.

ചരിത്രകാരന്മാരുടെ കൂട്ടായ്മയായ അമേരിക്കൻ പൊളിറ്റിക്കൽ സയൻസ് അസോസിയേഷനിലെ ഇപ്പോഴത്തെയും അടുത്തകാലത്തെയും 170 അംഗങ്ങളുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പട്ടികയിൽ ഏബ്രഹാം ലിങ്കണാണ് ഒന്നാം സ്ഥാനത്ത്. മുൻ പ്രസിഡന്റ് ബറാക് ഒബാമ എട്ടാം സ്ഥാനത്തുണ്ട്.

പട്ടികയിൽ ആദ്യമായി സാന്നിധ്യമറിയിക്കുന്ന ട്രംപിന്റെ അരങ്ങേറ്റം ‘അസലായി’. ആഭ്യന്തരയുദ്ധം തടയുന്നതിൽ പരാജയപ്പെട്ടതിനു ചരിത്രകാരന്മാർ പഴിചാരുന്ന മുൻ പ്രസിഡന്റ് ജയിംസ് ബുക്കാനൻ ആയിരുന്നു ഇതുവരെ ഏറ്റവും അവസാന സ്ഥാനത്ത്. ട്രംപ് വന്നതോടെ ബുക്കാനൻ ‘രക്ഷപ്പെട്ടു’. പൂജ്യം മുതൽ 100 വരെയുള്ള മഹത്വനിലവാരത്തിൽ ട്രംപിനു കിട്ടിയത് 12.34. ബുക്കാനനുവരെ 15.09 പോയിന്റ്.

∙ പ്രസിഡന്റ് മഹത്വം: ആദ്യ അഞ്ച്

1. ഏബ്രഹാം ലിങ്കൺ 2. ജോർജ് വാഷിങ്ടൻ 3. ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ് 4. തിയഡോർ റൂസ്‍വെൽറ്റ് 5. തോമസ് ജഫേഴ്സൻ

∙ ഒന്നാം സ്ഥാനം, പുറകിൽനിന്ന്

ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒന്നാം സ്ഥാനമാണു ഡോണൾഡ് ട്രംപിന്. പട്ടികയിലെ ആദ്യ 5 പേർ: ഡോണൾഡ് ട്രംപ് ജയിംസ് ബുക്കാനൻ വില്യം ഹെൻറി ഹാരിസൻ ഫ്രാങ്ക്‌ലിൻ പിയെസ് ആൻഡ്രൂ ജോൺസൻ