മകളെയും മരുമകനെയും ട്രംപിനു മടുത്തു; ഉപദേഷ്ടാക്കളായി നിയമിച്ചതിൽ പശ്ചാത്താപം

വാഷിങ്ടൻ∙ മകൾ ഇവാൻകയെയും മരുമകൻ ജാറദ് കഷ്നറെയും തന്റെ ഉപദേഷ്ടാക്കളാക്കിയതിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പശ്ചാത്തപിക്കുന്നതായി ദ് ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ പ്രമുഖ യുഎസ് മാധ്യമങ്ങൾ.

വിവാദവാർത്തകളിൽ ഇടം നേടി സർക്കാരിന് എന്നും തലവേദനയുണ്ടാക്കുന്ന ദമ്പതികളെ പുറത്താക്കാൻ ട്രംപ് വൈറ്റ്‌ഹൗസ് സ്റ്റാഫ് മേധാവി ജോൺ കെല്ലിയുടെ സഹായം തേടിയതായി ദ് ടൈംസ് പറയുന്നു. ഇന്റലി‍ജൻസ് ഉൾപ്പെടെ ‘അതീവ രഹസ്യ’ വിഭാഗത്തിൽപ്പെടുന്ന വിവരങ്ങൾ അറിയാനും ഇടപെടാനും കഷ്നർക്കുള്ള പ്രത്യേക അധികാരം കഴിഞ്ഞയാഴ്ച എടുത്തുമാറ്റിയിരുന്നു.

കഷ്നറുടെ ബിസിനസ് ഇടപാടുകൾ മൂലം പ്രമുഖ വിദേശരാജ്യങ്ങൾക്ക് അദ്ദേഹത്തെ സ്വാധീനിക്കാൻ എളുപ്പമാണെന്നും റിപ്പോർട്ടുകൾ വന്നു. റഷ്യൻ ബന്ധം സംബന്ധിച്ച വിവാദങ്ങൾ വേറെ. ഇവാൻകയുടെയും ജാറദ് കഷ്നറുടെയും വക്താവ് ജോലി നിർത്തിപ്പോയതും ചർച്ചയായതാണ്.