മെർക്കലിനെ പിന്തുണയ്ക്കാൻ എസ്‌പിഡി തീരുമാനം; സത്യപ്രതിജ്ഞ പത്തു ദിവസത്തിനകം

ബർലിൻ∙ ജർമനിയിൽ അഞ്ചു മാസത്തിലേറെ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനു വിരാമം. അംഗല മെർക്കലിനെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്‌പിഡി) പിന്തുണയ്ക്കും. മന്ത്രിസഭ ഈ മാസം തന്നെ. സത്യപ്രതിജ്ഞ പത്തു ദിവസത്തിനകം. ചാൻസലർ പദവിയിൽ മെർക്കലിന് ഇതു നാലാം ഊഴം.

മെർക്കൽ ചാൻസലറായുള്ള വിശാലമുന്നണി യാഥാർഥ്യമാകാനുള്ള അവസാന കടമ്പ എസ്‌പിഡി പാർട്ടി അണികളുടെ ഹിതപരിശോധനയായിരുന്നു. ഹിതപരിശോധനയിൽ ഇന്നലെ അണികളിൽ മൂന്നിൽ രണ്ടുപേർ സമ്മതം നൽകിയതോടെയാണ് എസ്‌പിഡി മെർക്കലിന്റെ യാഥാസ്ഥിതിക കക്ഷിയോടൊപ്പം വിശാലമുന്നണിയുടെ ഭാഗമാകാൻ അവസാനതീരുമാനം എടുത്തത്.

സെപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്പിഡി അടുത്തകാലത്തുണ്ടായതിൽ ഏറ്റവും മോശപ്പെട്ട പ്രകടനമാണു കാഴ്ച വച്ചത്. അതുകൊണ്ടുതന്നെ മെർക്കലിന്റെ നിഴലായി വീണ്ടും നാലു വർഷം തുടരാൻ എസ്പിഡി നേതൃത്വത്തിനു താൽപര്യമില്ലായിരുന്നു. അവർ വിശാലമുന്നണിയുടെ ഭാഗമാകാതെ മാറി നിൽക്കാൻ തീരുമാനിച്ചതോടെയാണു ജർമനി രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ നീർച്ചുഴിയിൽപെട്ടത്.

മറ്റു രണ്ടു ചെറുപാർട്ടികളെ മുന്നണിയിൽ ഉൾപ്പെടുത്തി അധികാരത്തിൽ തുടരാൻ മെർക്കൽ ശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല. ഈ സാഹചര്യത്തിലാണ് അണികളുടെ സമ്മതത്തോടെ മെർക്കലിനെ പിന്തുണയ്ക്കാൻ എസ്‌പിഡി തയാറായിരിക്കുന്നത്. എസിപിഡിയുടെ തീരുമാനത്തെ കഴിഞ്ഞ അഞ്ചുമാസമായി ആക്ടിങ് ചാൻസലറായി തുടരുന്ന മെർക്കൽ സ്വാഗതം ചെയ്തു.