ഉത്തരകൊറിയ പറഞ്ഞതു പാലിക്കാതെ ചർച്ചയില്ല: യുഎസ്

വാഷിങ്ടൻ∙ ആണവനിർമാർജനം ഉൾപ്പെടെ ഉത്തരകൊറിയ വാഗ്ദാനം ചെയ്ത കാര്യങ്ങളിൽ കൃത്യമായ നടപടികളുണ്ടാകാതെ കിം ജോങ് ഉന്നുമായി ചർച്ചയില്ലെന്നു യുഎസ്.

ഉത്തരകൊറിയൻ ഏകാധിപതി കിമ്മിനെ കാണാൻ തയാറാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മേയ് അവസാനം കൂടിക്കാഴ്ചയുണ്ടാകുമെന്നും വാർത്തവന്നു. ഇതിനു പിന്നാലെയാണു യുഎസ് വിശദീകരണവുമായി രംഗത്തെത്തിയത്. ‘വാഗ്ദാനം മാത്രം പോര, അതിനൊത്ത നടപടികളുണ്ടാകണം, അല്ലാതെ കൂടിക്കാഴ്ച നടക്കില്ല’– വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് ഇന്നലെ വ്യക്തമാക്കി. ഇതേസമയം, ഉത്തരകൊറിയയുമായുള്ള ധാരണ പണിപ്പുരയിലാണെന്നും പൂർത്തിയായാൽ ലോകത്തിന് ഏറെ ഗുണകരമായിരിക്കുമെന്നും ട്രംപ് ട്വിറ്ററിൽ പ്രതികരിച്ചു. ധാരണ അംഗീകരിപ്പിക്കാൻ കൊറിയയ്ക്കു മേൽ സമ്മർദം ചെലുത്തിക്കൊണ്ടേയിരിക്കുമെന്നു സാൻഡേഴ്സ് കൂട്ടിച്ചേർത്തു.

എല്ലാ മിസൈൽ, ആണവ പദ്ധതികളും നിർത്തിവയ്ക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനം യുഎസിന്റെ തന്ത്രപരമായ വിജയമാണെന്നു യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പറഞ്ഞു. 

ഇതിനിടെ, ഒട്ടേറെ ലോകനേതാക്കളുമായി ട്രംപ് ഈ ദിവസങ്ങളിൽ ഫോണിൽ ബന്ധപ്പെട്ടു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ എന്നിവരുമായി കൊറിയൻ കാര്യം ട്രംപ് സംസാരിച്ചു.