അഫ്ഗാൻ കൺമണി ട്രംപിനെപ്പോലെയാകണം!

സയിദും മകന്‍ ട്രംപും.

കാബൂൾ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫോട്ടോ കാണിച്ചാൽ അഫ്ഗാനിസ്ഥാനിലെ കുഞ്ഞു ഡോണൾഡ് ട്രംപിന്റെ കവിൾത്തടങ്ങൾ ചിരിച്ചുതുടുക്കും. 2016ൽ അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും മാസം മുൻപു പിറന്ന ഓമനപ്പുത്രനു പിതാവ് സയിദ് അസദുല്ല പൂയ പേരിട്ടതാണു ഡോണൾഡ് ട്രംപെന്ന്. നാട്ടുകാർ പക്ഷേ, അടക്കം പറയുന്നു.

മുസ്‌ലിം പേരിനു പകരം അമേരിക്കൻ പ്രസിഡന്റിന്റെ പേരിട്ടതു സയിദിന്റെ മൂന്നാമത്തെ കുഞ്ഞിനെ വിവാദകഥാപാത്രമാക്കിയിരിക്കുകയാണ്. തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോ ആരോ ഫെയ്സ്ബുക്കിലിട്ടതാണു പ്രശ്നമായത്. മകനു യുഎസ് പ്രസിഡന്റിന്റെ പേരിട്ട് ആ രാജ്യത്ത് അഭയം തേടാനുള്ള ശ്രമമാണു സയിദിന്റേതെന്നുപോലും ആരോപണം വന്നു. വിവാദം കനത്തതോടെ അദ്ദേഹം ഫെയ്സ്ബുക് വിട്ടു.

സ്കൂളിൽ പോയിത്തുടങ്ങുമ്പോൾ ഡോണൾഡ് ട്രംപിനെ കൂട്ടുകാരും മറ്റും അപഹസിക്കുമോയെന്നു പേടിയുണ്ടെങ്കിലും പേരുമാറ്റുന്ന പ്രശ്നമില്ലെന്ന നിലപാടിലാണു മാതാപിതാക്കൾ. പ്രസിഡന്റ് ട്രംപിന്റെ ‘ഹൗ ടു ഗെറ്റ് റിച്ച്’ എന്ന പുസ്തകത്തിന്റെ പേർഷ്യൻ പരിഭാഷ ലൈബ്രറിയിൽനിന്നെടുത്തു വായിച്ചതാണ് അധ്യാപകനായ സയിദിനു പുതിയ ആശയങ്ങൾ സമ്മാനിച്ചത്. ട്രംപിന്റെ വ്യക്തിപ്രഭാവം തന്റെ മനസ്സു കീഴടക്കിയെന്നു തീർച്ചയായപ്പോഴാണു മകന് ആ പേരിട്ടത്.

ഒൻപതുവയസ്സുള്ള ഫാത്തിമയും എട്ടുവയസ്സുള്ള കരീമുമാണു ഡോണൾഡ് ട്രംപിന്റെ സഹോദരങ്ങൾ. അഫ്ഗാനിലെ ദായ്കുൻഡി പ്രവിശ്യയിലാണു കുഞ്ഞു ജനിച്ചത്. ബദാമും ഗോതമ്പും ചോളവും കൃഷിചെയ്യുന്നവരാണു വീട്ടുകാർ.

കൊച്ചുമകൻ ‘വിവാദപുരുഷ’നായതോടെ സയിദിന്റെ മാതാപിതാക്കൾക്കു ദേഷ്യമായി. സയിദും ഭാര്യയും ഡോണൾഡ് ട്രംപിനെയും മറ്റു രണ്ടു കുഞ്ഞുങ്ങളെയും കൂട്ടി കാബൂളിലെത്തി ഒരു കൊച്ചുവീടു വാടകയ്ക്കെടുത്തു താമസിക്കുകയാണിപ്പോൾ.