നോട്ടിങ്ങാം അപകടം: കൊലയാളി ഡ്രൈവർക്ക് 14 വർഷം തടവ്

അപകടത്തില്‍ കൊല്ലപ്പെട്ട ഋഷി രാജീവ്, സിറിയക് ജോസഫ് (ഫയല്‍ചിത്രം)

ലണ്ടൻ∙ രണ്ടു മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാരുടെ മരണത്തിനി‌ടയായ നോട്ടിങ്ങാം വാഹനാപകടത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടു ട്രക്ക് ഡ്രൈവർമാർക്കും തടവുശിക്ഷ. പുലര്‍ച്ചെ മദ്യലഹരിയിൽ റോഡിൽ വണ്ടി നിർത്തിയിട്ട പോളണ്ടുകാരനായ ട്രക്ക് ഡ്രൈവർ റിസാർഡ് മസേറാക്കി(31)നു കൊലക്കുറ്റം ചുമത്തി 14 വർഷവും ഫോണില്‍ സംസാരിച്ച് അശ്രദ്ധമായി വണ്ടിയോടിച്ച മറ്റൊരു ട്രക്ക് ഡ്രൈവര്‍ ഡേവിഡ് വാഗ്സ്റ്റാഫി(54)നു 40 മാസവുമാണു തടവുശിക്ഷ. 26 വർഷത്തിനിടെ ബ്രിട്ടനിലുണ്ടായ ഏറ്റവും വലിയ വാഹനാപകടമാണിത്.

കഴിഞ്ഞ ഓഗസ്റ്റ് 26നു പുലർച്ചെ നോട്ടിങ്ങാം എം-1 മോട്ടോര്‍വേയിൽ നിർത്തിയിട്ട ട്രക്കിനും പിന്നാലെയെത്തിയ മറ്റൊരു ട്രക്കിനുമിടയിൽ മിനി ബസ് ഞെരിഞ്ഞമർന്നാണു കോട്ടയം പാലാ ചേർപ്പുങ്കൽ സ്വദേശി സിറിയക് ജോസഫ് (ബെന്നി-51), ചിങ്ങവനം ചാന്നാനിക്കാട് സ്വദേശിയും വിപ്രോ എൻജിനീയറുമായ ഋഷി രാജീവ്കുമാർ (27) എന്നിവരുള്‍പ്പെടെ എട്ട് ഇന്ത്യക്കാർ മരിച്ചത്. എബിസി ട്രാവൽസ് ഉടമ ബെന്നിയാണു ബസ് ഓടിച്ചിരുന്നത്. നിർത്തിയിട്ട ട്രക്കിനെ മറികടക്കാനുള്ള സിഗ്നല്‍ കാത്തു ബെന്നി മിനി ബസ് നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. യൂറോപ്പ് പര്യടനത്തിനായി പുറപ്പെട്ട നാലു വിപ്രോ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും നോട്ടിങ്ങാമിൽ നിന്നു ലണ്ടനിലെ വെംബ്ലിയിലെത്തിക്കാനായി പോകുമ്പോഴാണ് അപകടം.

രണ്ടാമത്തെ ട്രക്ക് ഡ്രൈവർ വാഗ്സ്റ്റാഫ്, മിനി ബസ് മുന്നില്‍ നിർത്തിയിട്ടതു കാണാന്‍ വൈകിയതും പെട്ടെന്നു ബ്രേക്കിൽ കാലമർത്താൻ അയാൾക്കു കഴിയാതെപോയതുമാണ് അപകടത്തിന്റെ രൂക്ഷത വർധിപ്പിച്ചത്. നിയമാനുസൃതമുള്ള ഹാൻഡ്-ഫ്രീ സംവിധാനത്തിലൂടെ ഫോൺ ഉപയോഗിച്ചതുകൊണ്ടാണ് ഇയാളെ കൊലക്കുറ്റത്തിൽ നിന്നൊഴിവാക്കിയത്.