ഇരട്ടച്ചാരനു നേരെ വധശ്രമം: ബ്രിട്ടിഷ് മന്ത്രിയെ കാണാൻ റഷ്യ അനുമതി തേടി

മോസ്കോ∙ മുൻ റഷ്യൻ ഇരട്ടച്ചാരനു നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചു ചർച്ചചെയ്യുന്നതിനു ബ്രിട്ടനിലെ വിദേശകാര്യമന്ത്രി ബോറിസ് ജോൺസനെ കാണാൻ റഷ്യൻ അംബാസഡർ അലക്സാണ്ടർ യാകൊവെങ്കോ താൽപര്യം പ്രകടിപ്പിച്ചു.

ഇതേസമയം, മുൻ ഇരട്ടച്ചാരൻ സെർഗെയ് സ്ക്രീപലിന്റെ അനന്തരവൾ വിക്ടോറിയയ്ക്കു ബ്രിട്ടൻ സന്ദർശക വീസ നിഷേധിച്ചു. നിയമകാരണങ്ങളാലാണ് അപേക്ഷ നിരസിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാസായുധാക്രമണത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന സെർഗെയും മകൾ യുലിയയും ആശുപത്രിയിൽ സുഖംപ്രാപിക്കുന്നു. യുലിയയെ റഷ്യയിലേക്കു തിരിച്ചുകൊണ്ടുപോകാനായാണു വിക്ടോറിയ വീസയ്ക്ക് അപേക്ഷിച്ചത്. വീസ നിഷേധിച്ചതിനു റഷ്യ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.