യുലിയ സ്ക്രീപൽ ആശുപത്രി വിട്ടു

ലണ്ടൻ∙ മുൻ ഇരട്ടച്ചാരനായ പിതാവിനൊപ്പം രാസായുധ ആക്രമണത്തിനിരയായ റഷ്യൻ യുവതി യുലിയ സ്ക്രീപലിനെ സോൾസ്ബ്രിയിലെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു. മാർച്ച് നാലിനുണ്ടായ വധശ്രമത്തെ തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുലിയ(33)യെ തിങ്കളാഴ്ച രാത്രി ഡിസ്ചാർജ് ചെയ്തെന്നും ചികിൽസ തുടരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

യുലിയയെ ഇപ്പോൾ എവിടെയാണു പാർപ്പിച്ചിരിക്കുന്നതെന്നു സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്തിയിട്ടില്ല. യുലിയയുടെ പിതാവ് സെർഗെയ് സ്ക്രീപൽ (66) ഇപ്പോഴും ആശുപത്രിയിലാണ്. ഏതാനും ദിവസങ്ങൾക്കകം അദ്ദേഹത്തിനും ആശുപത്രി വിടാനാകുമെന്നു ഡോക്ടർമാർ പറഞ്ഞു.

റഷ്യൻ പൗരത്വമുള്ള യുലിയ രാഷ്ട്രീയ അഭയം തേടിയേക്കുമെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഏതു രാജ്യത്തായിരിക്കുമെന്നും വ്യക്തമല്ല. സോൾസ്ബ്രിയിൽ താമസിക്കുന്ന പിതാവിനടുത്തേക്കു മോസ്കോയിൽനിന്നു യുലിയയുടെ പതിവു സന്ദർശനത്തിനിടെയാണു രാസായുധാക്രമണം.

1970കളിൽ സോവിയറ്റ് സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് എന്ന രാസായുധമാണു മുൻ ഇരട്ടച്ചാരനും മകൾക്കും നേരെ പ്രയോഗിച്ചതെന്നു ബ്രിട്ടൻ ആരോപിക്കുന്നു.

സംഭവത്തെ തുടർന്ന്, ബ്രിട്ടനും യുഎസും ഉൾപ്പെടെ രാജ്യങ്ങൾ നൂറിലേറെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. റഷ്യയും അതേ നാണയത്തിൽ തിരിച്ചടിച്ചു. യുലിയ സുഖംപ്രാപിച്ചതിൽ സന്തോഷമുണ്ടെന്നു ബ്രിട്ടനിലെ റഷ്യൻ സ്ഥാനപതി പറഞ്ഞു.