എച്ച്1ബി വീസയിലൂടെ ജോലി നേടുക കടുകട്ടി; ഇന്ത്യൻ പ്രഫഷനലുകൾക്ക് യുഎസിൽ ശനിദശ

വാഷിങ്ടൻ∙ എച്ച്1 ബി വീസ നടപടികൾ കർക്കശമാക്കാനുള്ള നടപടികളിലേക്കു യുഎസ് ഭരണകൂടം നീങ്ങുന്നു. ഇന്ത്യയിൽ നിന്നുള്ള പ്രഫഷനലുകളുടെ തൊഴിൽസാധ്യത തകർക്കുന്നതോടൊപ്പം അവരുടെ ജീവിതപങ്കാളിക്കു യുഎസിൽ ജോലി ചെയ്യുന്നതിനുള്ള അവസരംകൂടി ഇല്ലാതാക്കുകയും ചെയ്യുന്ന നടപടികൾക്കാണു ട്രംപ് ഭരണകൂടം തുടക്കമിട്ടിരിക്കുന്നത്.

എച്ച്1ബി വീസയിൽ യുഎസിൽ ജോലിചെയ്യുന്ന അതിവിദഗ്ധരായ വിദേശികളുടെ ഭാര്യമാർക്ക്/ ഭർത്താക്കന്മാർക്ക് അവിടെ നിയമവിധേയമായി ജോലിചെയ്യുന്നതിനു നൽകുന്ന എച്ച്4 വീസയാണു നിർത്തലാക്കാൻ പോകുന്നത്. 71,287 പേർക്കാണു നിയമപരമായി ജോലി ചെയ്യാനുള്ള അവസരം ഇതോടെ ഇല്ലാതാകുക. ഇതിൽ 93% ഇന്ത്യക്കാരും നാലു ശതമാനം ചൈനക്കാരുമാണ്. ആകെയുള്ളതിൽ 94 ശതമാനവും വനിതകളാണ്.

ബറാക് ഒബാമ ഭരണകൂടം 2015ൽ ആണു ജീവിതപങ്കാളികൾക്കു കൂടി യുഎസിൽ തൊഴിലവസരം നൽകാൻ തീരുമാനിച്ചത്. ഇത് അപ്പാടേ നിർത്തലാക്കാനാണ് ഇപ്പോഴത്തെ നീക്കം. ജൂണിലോ, അതു കഴിഞ്ഞോ ഉത്തരവിറങ്ങുമെന്നാണു കരുതുന്നത്. കഴിഞ്ഞ മാസം ഉണ്ടാകുമെന്നു കരുതിയിരുന്ന നടപടി വൈകുന്നത് അതിന്റെ പ്രത്യാഘാതം വിലയിരുത്താൻ സമയമെടുക്കുമെന്നതിനാലാണ്.

ഏറ്റവും പ്രാഗത്ഭ്യവും വൈദഗ്ധ്യവും മാത്രമുള്ളവർക്കായി എച്ച്1ബി വീസ പരിമിതപ്പെടുത്തുന്നതിനായി രണ്ടു നടപടികൾക്കാണു യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) ഒരുങ്ങുന്നത്. വീസ നൽകുന്ന നടപടിക്രമങ്ങൾ ക്രമീകരിക്കാൻ ഇലക്ട്രോണിക് റജിസ്ട്രേഷൻ സംവിധാനം കൊണ്ടുവരികയാണ് ആദ്യനടപടി. മേൽനോട്ടം എളുപ്പമാക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും വേണ്ടിയാണിത്.

അതിവിദഗ്ധ മേഖലയ്ക്കു പുതിയ നിർവചനം നൽകാൻ ഉദ്ദേശിക്കുന്ന രണ്ടാമത്തെ നടപടി തൊഴിലവസരം കുറച്ചുകൊണ്ടുവരാൻ ഇടയാക്കിയേക്കും. യുഎസ് ജീവനക്കാർക്കു മുൻതൂക്കം ലഭിക്കുന്നവിധം തൊഴിലിന്റെയും തൊഴിൽ ഉടമ–തൊഴിലാളി ബന്ധത്തിന്റെയും നിർവചനം പുതുക്കും. ഇതിനു പുറമേ, എച്ച്1ബി വീസയുള്ളവർക്കു തൊഴിലുടമകൾ നിർദിഷ്ട ശമ്പളം തന്നെ നൽകുന്നുണ്ടോ എന്ന് ഉറപ്പാക്കും.

ഇന്റർനാഷനൽ ഓൻട്രപ്രനർ റൂൾ ഒഴിവാക്കാൻ നടപടിയെടുക്കും. പൊതുജനങ്ങൾക്കു വീസ തട്ടിപ്പുകൾ അറിയിക്കാൻ പ്രത്യേക ഇ–മെയിൽ വിലാസം ഏർപ്പെടുത്തി. എച്ച്1ബി വീസക്കാർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾ പരിശോധിച്ചു നിയമപരമായി നൽകേണ്ട ശമ്പളം നൽകുന്നുണ്ടോ എന്ന് ഉറപ്പാക്കും. എൽ1ബി വീസപ്രകാരം സ്ഥാപനത്തിനുള്ളിൽ നിന്നല്ലാതെ ഓഫ്സൈറ്റായി ജോലി ചെയ്യുന്നവരെ സംബന്ധിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കും.

നോൺ ഇമിഗ്രന്റ് വീസയ്ക്കുള്ള പ്രഥമ അപേക്ഷയും പുതുക്കാനുള്ള അപേക്ഷയും ഒരുപോലെ ഇനി സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കും. മുൻപു പുതുക്കൽ അപേക്ഷയുടെ പരിശോധന അത്ര കർക്കശമായിരുന്നില്ല. ഇനി പുതുക്കുമ്പോൾ വ്യത്യാസങ്ങൾ കണ്ടാൽ അതു തെളിയിക്കാനുള്ള ബാധ്യത അപേക്ഷകനായിരിക്കും.

യുഎസ്‌സിഐഎസ് ഡയറക്ടർ ഫ്രാൻസിസ് സിസ്ന യുഎസ് സെനറ്റ് അംഗമായ ചക് ഗ്രസ്‌ലിക്കു നൽകിയ വിശദീകരണത്തിലാണു പുതിയ നടപടികൾ സംബന്ധിച്ച സൂചനകൾ.