സ്മിത്‌സോണിയനില്‍ ‘പെപ്പർ’ വസന്തം

വാഷിങ്ടൻ∙ ലോകത്തിലെ ഏറ്റവും വ‌ലിയ മ്യൂസിയമായ സ്മിത്‌സോണിയനിൽ പുതുതായി ജോലിക്കെടുത്ത ‘പെപ്പർ’ റോബട്ടുകൾ ശ്രദ്ധേയമാകുന്നു. പെപ്പറിന്റെ നിർമാതാക്കളായ ജാപ്പനീസ് കമ്പനി സോഫ്റ്റ്ബാങ്ക്, മ്യൂസിയത്തിനു സൗജന്യമായാണ് ഇവ നൽകിയത്.

‘കംപാനിയൻ’ എന്ന വിഭാഗത്തിൽപ്പട്ട റോബട്ടിനു മനുഷ്യരുടെ മുഖങ്ങളും ഭാവങ്ങളുമൊക്കെ തിരിച്ചറിയാൻ സാധിക്കും. ഉപഭോക്താക്കളുടെയും സന്ദർശകരുടെയുമൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഥ പറയാനും പാട്ടു പാടാനും നൃത്തം ചെയ്യാനും കഴിവുള്ള പെപ്പർ റോബട്ടുകളെ റസ്റ്ററന്റുകൾ, ഓഫിസുകൾ തുടങ്ങി പലയിടങ്ങളിലും നിയമിക്കാറുണ്ട്.

25 പെപ്പറുകളാണ് മ്യൂസിയത്തിൽ എത്തിയിരിക്കുന്നത്. ഇവിടെ വരുന്ന സന്ദർശകരെ കൂടുതൽ പ്രദർശനങ്ങൾ കാണാൻ പ്രേരിപ്പിക്കുകയാണ് ഇവയുടെ പ്രധാന ദൗത്യം.