കിം ജോങ് ഉൻ-മൂൺ ജേ ഇൻ കൂടിക്കാഴ്ച ഇന്ന്; ചരിത്രം വഴിമാറുമോ, അവർ കാണുമ്പോൾ?

ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും ഇന്നു രാവിലെ ഒൻപതരയ്ക്കു (ഇന്ത്യൻസമയം രാവിലെ ആറ്) ചർച്ചയ്ക്കിരിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സമാധാനഗ്രാമമായ പൻമുൻജോങ്ങിലാണു ചരിത്രപ്രധാന കൂടിക്കാഴ്ച. 1953 ജൂലൈ 27ന്, കൊറിയൻ യുദ്ധത്തിനു വിരാമമിട്ട കരാർ ഒപ്പുവച്ചത് ഇവിടെയാണ്. 

ഒരു ദശകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഔപചാരിക ചർച്ച. ആദ്യമായാണ് ഉത്തര കൊറിയൻ ഭരണത്തലവൻ ദക്ഷിണ കൊറിയയിൽ എത്തുന്നത്. ഉത്തര കൊറിയയുടെ ആണവനിരായുധീകരണമാണു ചർച്ചകളിലെ നിർണായക വിഷയം. യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ ആവശ്യവും ഇതാണ്.