ട്രംപ്–കിം ഉച്ചകോടി: മുന്നോട്ടെന്ന് യുഎസ്

വാഷിങ്ടൻ ∙ ഉത്തരകൊറിയയിലെ കിം ജോങ് ഉന്നുമായി യുഎസ് പ്രസിഡന്റ് ട്രംപിന് ജൂൺ 12നു തന്നെ ചർച്ച നടത്താൻ കഴിയുമെന്ന പ്രതീക്ഷയോടെ ഉച്ചകോടിയുടെ തയാറെടുപ്പുകളുമായി മുന്നോട്ടുപോകുകയാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. ദക്ഷിണ കൊറിയയുമായി ചേർന്നു യുഎസ് നടത്താൻ ഉദ്ദേശിക്കുന്ന സൈനിക പരിശീലനത്തിൽ പ്രതിഷേധിച്ച് ഉച്ചകോടിയിൽനിന്നു പിൻമാറുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.

ദക്ഷിണകൊറിയൻ അധികൃതരുമായി നടത്താനിരുന്ന ഉന്നതതല ചർച്ചയിൽനിന്നു കഴിഞ്ഞദിവസം ഉത്തരകൊറിയ  പിൻമാറിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരകൊറിയൻ വാർത്താ ഏജൻസിയുടെ അറിയിപ്പ് ആദ്യം ദക്ഷിണകൊറിയയാണ് പുറത്തുവിട്ടത്. ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രംപ്–കിം ഉച്ചകോടിയുടെ സാധ്യതയ്ക്കു മങ്ങലേൽപിച്ച് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ പുറത്തുവിട്ട പ്രസ്താവനയിൽ യുഎസിന്റെ സാമ്പത്തിക സഹായം സ്വീകരിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ഉച്ചകോടി നിശ്ചിത പരിപാടി അനുസരിച്ചു നടക്കുമെന്നാണു പ്രതീക്ഷയെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ സാൻഡേഴ്സ് പറഞ്ഞു. ഏതെങ്കിലും കാരണവശാൽ നടക്കാതെ പോയാൽ ഉത്തരകൊറിയയെ വീണ്ടും ചർച്ചയിലേക്കു  കൊണ്ടുവരാനുള്ള സമ്മർദങ്ങൾ തുടരും. ദക്ഷിണകൊറിയയുമായുള്ള സംയുക്ത സൈനികപരിശീലനം നേരത്തേ തീരുമാനിച്ചതാണെന്നും അതും ഉച്ചകോടിയുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വക്താവും അഭിപ്രായപ്പെട്ടു.