നേപ്പാൾ: ഒലിയുടെയും പ്രചണ്ഡയുടെയും പാർട്ടികൾ ലയിച്ചു

കഠ്മണ്ഡു ∙ നേപ്പാളിൽ പ്രധാനമന്ത്രി ശർമ ഒലിയുടെ സിപിഎൻ–യുഎംഎല്ലും മുൻപ്രധാനമന്ത്രി പ്രചണ്ഡയുടെ സിപിഎൻ–മാവോയിസ്റ്റ് സെന്ററും ലയിച്ചു. പുതിയ പാർട്ടിയുടെ പേര് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ. ലയനധാരണപ്രകാരം ഒലിയും പ്രചണ്ഡയും ചേർന്നു നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയെയും ഒൻപതുപേരടങ്ങുന്ന സെക്രട്ടേറിയറ്റിനെയും നയിക്കും. ഇരുപാർട്ടികളും അധികാരം തുല്യമായി പങ്കിടും. ലയനതീരുമാനം എട്ടുമാസം മുൻപു കൈക്കൊണ്ടിരുന്നു.

ഇരുകക്ഷികളും ചേർന്ന ഇടതുസഖ്യം ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 275ൽ 174 സീറ്റ് നേടി ഭരണത്തിലെത്തി. ലയനത്തോടെ സിപിഎൻ–യുഎംഎല്ലിന്റെ നേതൃത്വത്തിലുള്ള സർക്കാരിനു പാർലമെന്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷമുണ്ടാകും. മാർക്സിസം ലെനിനിസമാണു പുതിയ പാർട്ടിയുടെ പ്രത്യയശാസ്ത്രം.