യുഎസ് ഉച്ചകോടി ചർച്ചയ്ക്കിടെ ഉത്തര കൊറിയയിൽ റഷ്യ; കിം ജോങ് ഉന്നിനു മോസ്കോയിലേക്കു ക്ഷണം

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും ഉത്തര കൊറിയൻ ഉന്നതോദ്യോഗസ്ഥൻ കിം യോങ് ചോളും.

വാഷിങ്ടൻ∙ യുഎസ്–ഉത്തര കൊറിയ ഉച്ചകോടി മുടങ്ങാതിരിക്കാൻ ചർച്ചകൾ പുരോഗമിക്കേ, രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിനെ മോസ്കോയിലേക്കു ക്ഷണിച്ച് റഷ്യയുടെ വിദേശകാര്യമന്ത്രി ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യോങ്ങിലെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും ഉത്തര കൊറിയൻ ഉന്നതോദ്യോഗസ്ഥൻ കിം യോങ് ചോളുമായുള്ള ചർച്ചകൾ രണ്ടാം ദിവസം ന്യൂയോർക്കിൽ പുരോഗമിക്കുമ്പോഴാണിത്.

ജൂൺ 12നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും സിംഗപ്പൂരിൽ കാണുമെന്നാണു പ്രതീക്ഷിക്കുന്നത്. ആണവനിലപാടുകളിലെ തർക്കത്തെ തുടർന്നു ട്രംപ് നേരത്തേ പിൻമാറുകയും പിന്നീടു നിലപാടു മയപ്പെടുത്തുകയും ചെയ്തിരുന്നു.

ഉത്തര കൊറിയ ആണവനിരായുധീകരണം ഉറപ്പാക്കണമെന്നാണു യുഎസ് പറയുന്നത്. എന്നാൽ ദക്ഷിണ കൊറിയയിലെ യുഎസ് സൈനികസാന്നിധ്യം തങ്ങൾക്കു ഭീഷണിയാണെന്ന നിലപാടിലാണ് ഉത്തര കൊറിയ. ഒന്നര മണിക്കൂർ ചർച്ച ഫലവത്തായിരുന്നുവെന്നു പോംപെയോ ട്വീറ്റ് ചെയ്തു.

അതേസമയം, റഷ്യൻ വിദേശകാര്യമന്ത്രി സേർജി ലവ്റോവിന്റെ സന്ദർശനം, റഷ്യയുമായി ഉത്തര കൊറിയ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയായി. കിം ഏറ്റെടുത്ത ദൗത്യങ്ങൾക്കു പ്രസിഡന്റ് പുടിന്റെ ആശംസയും മന്ത്രി കൈമാറി. കഴിഞ്ഞ മാസം ഉത്തര കൊറിയയുടെ വിദേശമന്ത്രി റി യോങ് ഹോ മോസ്കോയിലെത്തി ചർച്ച നടത്തിയിരുന്നു.