ഈജിപ്തിൽ അൽ സിസി വീണ്ടും അധികാരമേറ്റു

കയ്റോ∙ ഈജിപ്തിൽ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി വീണ്ടും അധികാരമേറ്റു. മാർച്ചിൽ നടന്ന പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിലെ ജയത്തെ തുടർന്നാണ് രണ്ടാം തവണയും അൽ സിസി പ്രസിഡന്റായത്. നാലുവർഷമാണു കാലാവധി. തിരഞ്ഞെടുപ്പിൽ അൽ സിസി 97% വോട്ട് നേടിയിരുന്നു. 41% ആയിരുന്നു പോളിങ്.

ഗാഡ് പാർട്ടി മേധാവി, താരതമ്യേന അപ്രശസ്തനായ മൂസ മുസ്തഫ മൂസയായിരുന്നു മുഖ്യഎതിരാളി. 2014ലെ തിരഞ്ഞെടുപ്പിലും വൻഭൂരിപക്ഷം നേടിയാണ് സിസി അധികാരമേറ്റത്. 2013ൽ ഈജിപ്തിൽ ആദ്യമായി ജനാധിപത്യമാർഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയുടെ ഭരണം സൈന്യം അട്ടിമറിച്ചതു സിസിയുടെ നേതൃത്വത്തിലായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി സൈനിക അഭ്യാസങ്ങളും അരങ്ങേറി.