ഉറപ്പു ലംഘിച്ച് വൻകിട കമ്പനികൾക്കു വ്യക്തിവിവരങ്ങൾ നൽകുന്നു; ഫെയ്‌സ്ബുക് ചോർച്ച കഴിഞ്ഞിട്ടില്ല!

ന്യൂയോർക്∙ കേംബ്രിജ് അനലിറ്റിക്ക വിവാദത്തിനു പിന്നാലെ ഫെയ്സ്ബുക്കിനു കനത്ത അടിയായി ന്യൂയോർക് ടൈംസ് റിപ്പോർട്ട്. അംഗങ്ങളുടെ വ്യക്തിവിവരങ്ങൾ ആപ്പിൾ‌, ആമസോൺ, മൈക്രോസോഫ്റ്റ് ഉൾപ്പെടെ അറുപതോളം കമ്പനികളുമായി ഫെയ്സ്ബുക് പങ്കുവയ്ക്കുന്നെന്നാണു റിപ്പോർട്ടിലുള്ളത്. ഈയിടെ യുഎസ് പാർലമെന്റ് സമിതിക്കു മുൻപാകെ ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ് നൽകിയ സത്യവാങ്‌മൂലത്തിനു കടകവിരുദ്ധമാണ് ഇതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷം, വ്യക്തി വിവരങ്ങൾ മറ്റാർക്കും കൈമാറില്ലെന്നു സക്കർബർഗ് ഉറപ്പുനൽകിയിരുന്നു. എന്നാൽ പല കമ്പനികളും ഇപ്പോഴും ഫെയ്‌സ്ബുക് നൽകുന്ന വിവരങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നു റിപ്പോർട്ട് പറയുന്നു.

ആരോപണം ഫെയ്സ്ബുക് ശക്തമായി നിഷേധിച്ചു. കമ്പനികൾ‌ക്കു മെച്ചപ്പെട്ട ഉൽപന്നങ്ങൾ ഉണ്ടാക്കാൻ അനുവദിക്കുന്ന ‘ഡിവൈസ് ഇന്റഗ്രേറ്റഡ് എപിഐ’ എന്ന തങ്ങളുടെ സോഫ്റ്റ്‌വെയർ സംവിധാനത്തെ പത്രം തെറ്റിദ്ധരിച്ചതാണെന്നാണു കമ്പനിയുടെ വാദം.