മൂന്നാം ലോകയുദ്ധം പരാമർശിച്ച് പുടിന്റെ ‘ഫോൺ ഇൻ’ പരിപാടി

‘ഫോൺ ഇൻ’ പരിപാടിയിൽ വ്ലാഡിമിർ പുടിൻ

മോസ്കോ∙ മൂന്നാം ലോകയുദ്ധം സംസ്കാരത്തിന്റെ അന്ത്യംകുറിക്കുമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്ന വാർഷിക ‘ഫോൺ ഇൻ’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. റഷ്യയ്ക്കെതിരായ പടിഞ്ഞാറൻ രാജ്യങ്ങളുടെ നിലപാടുകൾ പ്രതിലോമകരമാണ്. അവർ റഷ്യയുടെ സാമ്പത്തികവളർച്ചയെയാണു ഭയക്കുന്നതെന്നു പുടിൻ പറഞ്ഞു. ഉയരുന്ന പ്രകൃതിവാതക വില, ലോകകപ്പ് ഫുട്ബോൾ തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹം പ്രതികരിച്ചു. മോണിറ്ററുകൾ വഴിയുള്ള വിഡിയോ ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറഞ്ഞത്. പ്രാദേശിക ഗവർണർമാർക്കും മന്ത്രിമാർക്കുമായി നേരിട്ടുള്ള വിഡിയോ ലിങ്കുകളും നൽകി. പരിപാടി തുടങ്ങി അവസാനിക്കുന്നതു വരെ സീറ്റിലുണ്ടാകണമെന്ന് ഇവർക്കു കർശനനിർദേശമുണ്ടായിരുന്നു. മുൻകൂട്ടി തയാറാക്കിയ നാടകമായിരുന്നു ചോദ്യോത്തര പരിപാടിയെന്നു വിമർശനമുയർന്നപ്പോൾ, സാധാരണ റഷ്യക്കാരുടെ പ്രശ്നമാണു കൈകാര്യം ചെയ്തതെന്നായിരുന്നു ഔദ്യോഗിക മറുപടി.