അഫ്രീദിയുടെ വീട്ടിൽ ചങ്ങലയിട്ട സിംഹം; ട്വിറ്റർ വിവാദമായി

അഫ്രീദി ട്വിറ്ററിൽ പങ്കുവച്ച മകളുടെ ചിത്രം, അഫ്രീദി സിംഹത്തിനൊപ്പം

ഇസ്‍ലാമാബാദ്∙ കൂറ്റനടിയുടെ കാര്യത്തിൽ സിംഹമായിരുന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് മുൻക്യാപ്റ്റൻ ഷാഹിദ് അഫ്രീദി വീട്ടിൽ സിംഹത്തെ വളർത്തുന്നുണ്ടോ? അഫ്രീദി ട്വിറ്ററിൽ പോസ്റ്റു ചെയ്ത മകളുടെ ചിത്രത്തിലാണ് ചങ്ങലയിട്ട ഒരു വയസ്സൻ സിംഹത്തെ കാണുന്നത്. ‘നമ്മൾ സ്നേഹിക്കുന്നവരോടൊത്തു സമയം ചെലവഴിക്കുന്നതു വലിയ കാര്യമാണ്. പക്ഷേ, മൃഗങ്ങളെയും ശ്രദ്ധിക്കാൻ മറക്കരുത്. നമ്മുടെ സ്നേഹവും പരിലാളനയും അവയും ആഗ്രഹിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്.

മൃഗങ്ങളെ അവയുടെ സ്വാഭാവികമായ പരിസ്ഥിതിയിലാണ് പാർപ്പിക്കേണ്ടതെന്ന മട്ടിൽ സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ കമന്റുകൾ വന്നതോടെ സംഗതി വിവാദമായി. ട്വീറ്ററിൽ രണ്ടു ചിത്രങ്ങളാണ് അഫ്രീദി നൽകിയിട്ടുള്ളത്. അദ്ദേഹം ഒരു മാൻകുട്ടിക്ക് കുപ്പിയിൽ വെള്ളമോ പാലോ നൽകുന്നതാണ് ആദ്യചിത്രം.

ആഫ്രീദിയുടെ മകൾ, അദ്ദേഹം വിക്കറ്റെടുക്കുമ്പോഴുള്ള ആവേശം അനുകരിക്കുന്നതാണ് രണ്ടാമത്തെ ചിത്രം. ഇതിലാണ് സിംഹമുള്ളത്. ഈ സിംഹവും അഫ്രീദിയുമൊത്തുള്ള മറ്റൊരു ചിത്രം പാക്കിസ്ഥാനിലെ മറ്റൊരു പത്രപ്രവർത്തകനും പോസ്റ്റ് ചെയ്തിട്ടുണ്ട്. കമന്റുകൾ കൂടുതലും അഫ്രീദിക്കെതിരെയാണെങ്കിലും സിംഹം അപകടകാരിയാണെന്ന സൗഹാർദപരമായ മുന്നറിയിപ്പുകളും കൂട്ടത്തിലുണ്ട്.