ഇനി ഉത്തരകൊറിയ ഭീഷണിയല്ല; ലോകം കൂടുതല്‍ സുരക്ഷിതം: ട്രംപ്

വാഷിങ്ടൺ/സോൾ∙ ഉത്തര കൊറിയ ഇനിയൊരു ആണവ ഭീഷണിയല്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിംഗപ്പൂർ ഉച്ചകോടി കഴിഞ്ഞ് അമേരിക്കയിൽ തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലോകം ഇപ്പോൾ കൂടുതൽ സുരക്ഷിതമായ ഇടമായിരിക്കുന്നു. കൊറിയയിൽനിന്ന് ഇനി ആണവ ഭീഷണിയില്ല. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ശുഭപ്രതീക്ഷ നൽകുന്നതാണ്. ഭാവിയിലെ വലിയ സാധ്യതകളാണ് അതു തുറന്നിടുന്നത്’ – ട്രംപ് പറഞ്ഞു.

ഉത്തര കൊറിയയിലെ മിസൈൽ പരീക്ഷണ കേന്ദ്രങ്ങൾ നിർത്തലാക്കുന്നതു സംബന്ധിച്ചു വരുംദിവസങ്ങളിൽ കിം ജോങ് ഉൻ പ്രഖ്യാപനം നടത്തുമെന്നും ട്രംപ് പറഞ്ഞു. ഒരു പരീക്ഷണകേന്ദ്രം തകർത്തതായി കിം സിംഗപ്പൂരിൽ പറഞ്ഞിരുന്നു. രാജ്യത്തെ ആണവായുധ മുക്തമാക്കുന്ന നടപടി കിം ഉടൻ തുടങ്ങുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ആയുധങ്ങൾ ഒഴിവാക്കുന്നതിനു പകരം ഉത്തര കൊറിയയ്ക്കു സുരക്ഷ ഉറപ്പുനൽകിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പറയുന്നില്ല – അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയും കൂടിക്കാഴ്ച വിജയമാണെന്നു വിലയിരുത്തി. ഔദ്യോഗിക പത്രത്തിലും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾക്കും വാർത്തയ്ക്കും വലിയ പ്രാധാന്യമാണു നൽകിയിട്ടുള്ളത്. വൻശക്തിയായ അമേരിക്കയുടെ പ്രസിഡന്റിനൊപ്പം അതേ പ്രാധാന്യത്തോടെ കിം തലയുയർത്തി നിന്നത് അഭിമാനകരമായാണ് അവതരിപ്പിച്ചിട്ടുള്ളത്.

അരനൂറ്റാണ്ടിലേറെയായി നിതാന്ത ശത്രുവായിരുന്ന അമേരിക്കയുടെ നേതാവിനൊപ്പം ചിരിച്ചുകൊണ്ടു നിൽക്കുന്ന കിം ജോങ് ഉൻ ഏതാനും മാസങ്ങൾക്കു മുൻപു വരെ ഉത്തര കൊറിയക്കാർക്കു ചിന്തിക്കാൻ പോലും കഴിയുന്ന ദൃശ്യമായിരുന്നില്ല.

ഇതേസമയം, ദക്ഷിണ കൊറിയയുമൊത്തുള്ള സംയുക്ത സൈനികാഭ്യാസം നിർത്തിവയ്ക്കുമെന്നു ട്രംപ് സിംഗപ്പൂരിൽ പറഞ്ഞുവെങ്കിലും അതു സംബന്ധിച്ചു കൊറിയയിലെ യുഎസ് സൈനിക കമാൻഡർമാർക്കു വിവരമൊന്നും ലഭിച്ചിട്ടില്ല. ഇത്തരമൊരു പ്രഖ്യാപനത്തെക്കുറിച്ചു സൂചനകളില്ലാതിരുന്നതിനാൽ യുഎസ് കമാൻഡ് ആശ്ചര്യത്തിലാണ്. യുഎസ്–ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം തങ്ങളുടെ രാജ്യം ആക്രമിക്കുന്നതിനുള്ള പരിശീലനമാണെന്നാണ് ഉത്തര കൊറിയ വിലയിരുത്തിയിരുന്നത്. ഇതു നിർത്തണമെന്നത് അവരുടെ നിരന്തര ആവശ്യവുമായിരുന്നു. ട്രംപ് ഇതിനു സമ്മതംമൂളിയതു വലിയ നേട്ടമായാണ് ഉത്തര കൊറിയ കാണുന്നത്.