യുഎസിൽ ചൈനീസ് ഇറക്കുമതിക്ക് 25% തീരുവ, തിരിച്ചടിച്ച് ചൈന; വ്യാപാര യുദ്ധത്തിന് തുടക്കം?

വാഷിങ്ടൻ∙ ചൈനയിൽ നിന്നുള്ള വ്യവസായ പ്രധാനമായ ഇറക്കുമതിക്ക് 25% തീരുവ ചുമത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തെ ഏറ്റവും വലിയ രണ്ടു സമ്പദ്‍വ്യവസ്ഥകൾ തമ്മിലുള്ള വാണിജ്യയുദ്ധത്തിനു വഴിതുറന്നു.

5000 കോടി ഡോളറിന്റെ (3,35,000 കോടി രൂപ) ചൈനീസ് ഉൽപന്നങ്ങൾ യുഎസ് ഓരോ വർഷവും ഇറക്കുമതി ചെയ്യുന്നുണ്ട്. ചൈന നീതിയുക്തമല്ലാത്ത വ്യാപാരരീതികൾ പിന്തുടരുന്നതായും ബൗദ്ധിക സ്വത്തുക്കളും സാങ്കേതികവിദ്യയും മോഷ്ടിക്കുന്നതായും ട്രംപ് ആരോപിച്ചു. വ്യാവസായിക പ്രാധാന്യമുള്ള സാങ്കേതികവിദ്യയുടെ ഇറക്കുമതിക്കും തീരുവ ബാധകമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.

‘മെയ്ഡ് ഇൻ ചൈന 2025’ എന്ന പദ്ധതിയിലൂടെ ലോകവ്യാപാരരംഗം കീഴടക്കാനുള്ള ചൈനയുടെ ശ്രമത്തിനു തടയിടാനാണു യുഎസ് നീക്കം. അമേരിക്കയുടെ ബൗദ്ധിക സ്വത്തുക്കളും സാങ്കേതികവിദ്യയും മോഷ്ടിക്കപ്പെടുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ല. അതു തടയുന്നതിന് ഈ തീരുവ അനിവാര്യമാണ്. അമേരിക്കയുടെ തൊഴിലുകൾ സംരക്ഷിക്കുന്നതിനും ഇത് ഉപകരിക്കും’– ട്രംപ് പറഞ്ഞു. ലോകവ്യാപാര രംഗത്തെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും സഹായിക്കും.

യുഎസിൽ നിന്നുള്ള ഉൽപന്നങ്ങൾക്കു സമാന തീരുവ ചുമത്തി ചൈന പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ ലംഘിച്ചു യുഎസ് വ്യാപാരയുദ്ധത്തിന് തിരികൊളുത്തിയതു ഖേദകരമാണെന്നും ചൈനയുടെ വാണിജ്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. വ്യാപാരയുദ്ധത്തിനു ചൈനയ്ക്കു താൽപര്യമില്ലെങ്കിലും രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു ശക്തമായ നടപടി സ്വീകരിക്കും. യുഎസിൽ നിന്നുള്ള കാർ, വിമാനം, സോയാബീൻ എന്നിവയുടെ ഇറക്കുമതിക്കു ചൈന നേരത്തേ തന്നെ തീരുവ ചുമത്തിയിരുന്നു.

ചൈന പ്രതികാര നടപടിയുമായി മുന്നോട്ടുപോയാൽ അവരുടെ കൂടുതൽ ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപെടുത്തുമെന്നു ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.