ഒടുവിൽ ട്രംപ് വഴങ്ങി; കുഞ്ഞുങ്ങളെ ഇനി പിടിച്ചെടുക്കില്ല

വാഷിങ്ടൺ∙ ഒടുവിൽ ഡോണൾഡ് ട്രംപ് ആ നിലവിളികൾ കേട്ടു. മെക്സിക്കൻ അതിർത്തിയിൽനിന്ന് യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്ന അഭയാർഥികളെയും അവരുടെ കുഞ്ഞുങ്ങളെയും വെവ്വേറെ തടവിലാക്കുന്നത് അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. കുട്ടികളെ അച്ഛനമ്മമാരിൽനിന്നു വേർപിരിക്കുന്നതിനെതിരെ ട്രംപിന്റെ ഭാര്യ മെലനിയയും മകൾ ഇവാൻകയും അടക്കം ലോകമാകെ രംഗത്തുവന്നിരുന്നു. ്ര

പതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി അതിശക്തമായ പ്രതിഷേധമുയർത്തി. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ വലിയൊരു വിഭാഗവും എതിരായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഓഡിയോ ക്ലിപ്പിലൂടെയും ചിത്രങ്ങളിലൂടെയുമാണ് അതിർത്തിയിലെ യുഎസിന്റെ മനുഷ്യാവകാശ നിഷേധം ലോകം അറിഞ്ഞത്. ശിശുകേന്ദ്രത്തിൽ അടയ്ക്കപ്പെട്ട ഒരു കുട്ടി തന്റെ അച്ഛനെ അന്വേഷിച്ചു നിലവിളിക്കുന്നതിന്റെ ശബ്ദശകലമാണു പുറത്തുവന്നത്. ഒപ്പം, കൂട്ടിലടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങളും. 2500 കുട്ടികളാണ് യുഎസ് അതിർത്തിയിലെ വിവിധ ശിശുകേന്ദ്രങ്ങളിൽ മാതാപിതാക്കളിൽനിന്നു വേർപെട്ടു കഴിയുന്നത്.

‘കുടുംബങ്ങൾ വേർപിരിക്കപ്പെടുന്ന കാഴ്ച എനിക്ക് ഇഷ്ടമായില്ല. കുടുംബങ്ങളെ ഒരുമിച്ചു നിർത്താൻ തീരുമാനിച്ചു. അനധികൃത കുടിയേറ്റക്കാരോടു വിട്ടുവീഴ്ചയില്ലാത്ത നയം തുടരും’- വൈറ്റ് ഹൗസിൽ ഉത്തരവിൽ ഒപ്പിട്ടുകൊണ്ടു ട്രംപ് പറഞ്ഞു. ശിശുകേന്ദ്രങ്ങളിൽ പീഡനം അഭയാർഥികളുടെ മക്കളെ പാർപ്പിക്കുന്ന സ്വകാര്യ കേന്ദ്രങ്ങളിൽ, പീഡനം നടന്നതായി ടെക്സസ് ട്രിബ്യൂൺ വാ‍ർത്താസൈറ്റും സെന്റർ ഫോർ ഇൻവെസ്റ്റിഗേറ്റിവ് റിപ്പോർട്ടിങ്ങും ചേർന്നു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ഒരു ഡസനിലേറെ കേന്ദ്രങ്ങൾക്കു നിലവാരമില്ലെന്നും ഇവരുടെ റിപ്പോർട്ടിൽ പറയുന്നു. അഭയാർഥികളുടെ മക്കൾ ദീർഘകാലമായി കഴിയുന്ന കേന്ദ്രങ്ങളെക്കുറിച്ചാണു റിപ്പോർട്ടിൽ പറയുന്നത്. ചികിൽസ നിഷേധിക്കൽ, തെറ്റായ മരുന്നു നൽകൽ തുടങ്ങിയവ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2014 മുതൽ 13 ശിശുകേന്ദ്രങ്ങൾക്കെതിരെ കുട്ടികളെ ലൈംഗികപീഡനങ്ങൾക്ക് ഇരയാക്കിയതുൾപ്പെടെ പരാതികളുയർന്നിട്ടുണ്ട്.